പുതിയ സമ്മർ ബമ്പർ ധനമന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് – നവവത്സര ബമ്പർ (BR 101) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ XD387132 നമ്പർ ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരത്ത് ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. കണ്ണൂർ ജില്ലയിലെ ഏജൻസി (C- 3789) വിറ്റ ടിക്കറ്റിനാണ് ഇത്തവണ ബമ്പർ സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും.
നാടിൻ്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നൽകുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു. കേരള ഭാഗ്യക്കുറി അയൽ സംസ്ഥാനക്കാർക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താൻ കഴിയുന്നു എന്നവർ അന്വേഷിക്കാറുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മാനങ്ങൾ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 2, 58 ,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു. ഒന്നാം സമ്മാനർഹമായ ടിക്കറ്റു വിറ്റ ഏജന്റ് ഉൾപ്പെടെ 22 ഭാഗ്യവാൻമാരെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറി സൃഷ്ടിക്കുന്നത്.
എം എൽ എ മാരായ ആൻ്റണി രാജു, വി കെ പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ ഐ ആർ എസ് , ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.