രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്കു നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡ് നടന്നു. ഗവർണർ അഭിവാദ്യം സ്വീകരിച്ചു.
ഭാരതീയ വ്യോമസേന, ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിനു പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു.
ഭാരതീയ കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയന്റെ മേജർ ജെ അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ. ഭാരതീയ വ്യോമസേനയുടെ സതേൺ എയർ കമാന്റ് യൂണിറ്റിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി.
ഭാരതീയ കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് നാലാം ബെറ്റാലിയൻ, കേരള ആംഡ് വനിത പോലീസ് ബെറ്റാലിയൻ, ഇന്ത്യ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, വനം വകുപ്പ്, കേരള അഗ്നി രക്ഷാസേന, സൈനിക് സ്കൂൾ, എൻ സി സി സീനിയർ ഡിവിഷൻ (ആൺകുട്ടികൾ), എൻ സി സി സീനിയർ വിങ് (പെൺകുട്ടികൾ), എൻ സി സി സീനിയർ ഡിവിഷൻ എയർ സ്ക്വാഡ്രൺ, എൻ സി സി സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ബോയ്സ്, ഗേൾസ് വിഭാഗങ്ങൾ, ഭാരത് സ്കൗട്ട്സ്, ഭാരത് ഗൈഡ്സ്, സംസ്ഥാന പൊലീസിന്റെ അശ്വാരൂഢ സേന എന്നിവരുടെ പ്ലറ്റൂണുകളോടൊപ്പം കർണാടക പോലീസിലെ ഒരു പ്ലറ്റൂണും പരേഡിൽ പങ്കെടുത്തു.
ഭാരതീയ കരസേന, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് പൊലീസ് ബെറ്റാലിയൻ എന്നിവരുടെ ബാൻഡും പരേഡിന് മാറ്റ് കൂട്ടി.
മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.