മലയാളികളെ ചിരിപ്പിയ്ക്കാൻ മിടുക്കു കാട്ടിയ, സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി അന്തരിച്ചു. 57 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. എം എച്ച് റഷീദ് എന്നായിരുന്നു യഥാർത്ഥ പേര്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജനുവരി 16 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 12.25 ഓടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. മലയാളത്തിൽ വൻ തരംഗം സൃഷ്‌ടിച്ച കോമഡി സിനിമകളുടെ സംവിധായകനായിരുന്നു അദ്ദേഹം.
ആദ്യമായി ഷാഫി സംവിധായകൻ്റെ മേലങ്കിയണിഞ്ഞ ചിത്രം വൺ മാൻ ഷോ ആണ്. 2001ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകരായെത്തിയത് ജയറാമും സംവിധായകൻ കൂടിയായ ലാലുമായിരുന്നു. തുടർന്ന് കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട് തുടങ്ങി മലായാളിക്ക് എന്നും ഓർത്ത് ഓർത്ത് ചിരിക്കാൻ കഴിയാൻ ഏറെ ഹാസ്യരസ പ്രധാനമായ ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.
തമിഴിൽ മജയെന്ന ഒരു ചിത്രവും സംവിധാനം ചെയ്‌തിട്ടുണ്ട്.
മമ്മൂട്ടി, രാജൻ പി ദേവ് എന്നിവർക്ക് മികച്ച രീതിയിൽ ഹാസ്യവും കൈകാര്യം ചെയ്യാനാകും എന്ന് മലയാളികൾ അറിഞ്ഞത് ഷാഫി ചിത്രങ്ങളിലൂടെയാണ്.
എറണാകുളം പുല്ലേപ്പടിയിലെ പ്രശസ്തമായ കലാകുടുംബത്തിലായിരുന്നു ഷാഫിയുടെ ജനനം.
സിനിമയിലെ ആദ്യ ഗുരുക്കൻമാർ സിദിഖ് – ലാൽ കൂട്ടുകെട്ടായിരുന്നു. മാത്രമല്ല, ഷാഫിയുടെ അമ്മയുടെ ചെറിയച്ഛന്റെ മകനായിരുന്നു സിദിഖ്.
സംവിധായക ജോഡികളായ റാഫി – മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. ആദ്യത്തെ കൺമണി എന്ന ചിത്രത്തിൽ രാജസേനൻ്റെ സംവിധാന സഹായിയായിരുന്നു. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്. ഷാമിലയാണ് ഭാര്യ. മക്കൾ: അലീമ, സൽമ.