തെലുങ്ക് സിനിമയിലെ പ്രശസ്ത നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു ; എന്നു പറഞ്ഞാൽ മലയാളിക്ക് പെട്ടന്ന് മനസിലായിക്കൊള്ളണമെന്നില്ല. എന്നാൽ സിദ്ദിഖ് – ലാൽ ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന എന്തും ചെയ്യാൻ മടിയ്ക്കാത്ത വില്ലനെ നല്ല പരിചയമുണ്ടാകും. അതെ, നമ്മുടെ റാവുത്തണ്ണൻ പോയി. 70 വയസായിരുന്നു അദ്ദേഹത്തിന്.
രാജ്കുമാർ എന്നാണ് അദ്ദേഹം സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നത്. ബോഡി ബിൽഡർ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു സിനിമാ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും സഹപ്രവർത്തകർ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ചികിത്സയിൽ തുടരവേയാണ് മരണം സംഭവിച്ചത്.
തിയറ്റർ നടനായാണ് രാജ്കുമാറിൻ്റെ തുടക്കം. ഭൈരവദീപം എന്ന തെലുങ്ക് ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു അദ്ദേഹത്തിന്. നന്ദമൂരി ബാലകൃഷ്ണയായിരുന്നു ഈ ചിത്രത്തിലെ നായകൻ. സ്‌റ്റേറ്റ് റൗഡി, അശോക ചക്രവർത്തി തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. മോഹൻ ലാൽ നായകനായ വിയറ്റ്നാം കോളനിയിലെ ഒത്തവില്ലനെ അന്നേ മലയാളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. രണ്ട് പെൺ മക്കളാണ് രാജ്കുമാറിന്. സംസ്കാര ചടങ്ങുകൾ ചെന്നൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.