വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള സമ്മാന തുക വർധിപ്പിച്ച് കേന്ദ്രസർക്കാർ. നേരത്തേ 5,000 രൂപയായിരുന്നത് ഇപ്പോൾ 25,000 ആയാണ് വർധിപ്പിച്ചത്. കേന്ദ്ര റോഡ് ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റു കിടക്കുന്നവരെ സഹായിക്കുക എന്നത് നമ്മുടെ ധർമമാണ്, എന്നിരുന്നാലും അവർക്ക് നൽകുന്ന തുക തീരെ കുറവാണെന്ന് നാഗ്പൂരിൽ മന്ത്രി പറഞ്ഞു.
റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക് ആദ്യ 7 ദിവസത്തിനുള്ളിൽ വരുന്ന ഒന്നര ലക്ഷം രൂപവരെയുള്ള ചെലവ് നിലവിൽ സർക്കാർ നൽകുന്നുണ്ടന്നും മന്ത്രി പറഞ്ഞു. ദേശീയ – സംസ്ഥാന പാതകളിൽ അപകടത്തിൽപ്പെടുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. 2021 ലാണ് കേന്ദ്രം ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.