ഓർമയിലെ ഇന്ന്: ഒക്ടോബർ -9

At Malayalam
2 Min Read

രവീന്ദ്ര ജെയിൻ

സംഗീത സംവിധായകനും ഗാന രചയിതാവുമായിരുന്ന രവീന്ദ്ര ജെയിൻ. ജന്മനാ അന്ധനായിരുന്ന അദ്ദേഹം സ്വയം ഗാനങ്ങൾ രചിച്ച് ഈണം നൽകി. കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

യേശുദാസിന്റെ ഹിന്ദിയിലെ പല ഹിറ്റ് ഗാനങ്ങളും രവീന്ദ്ര ജെയിന്റേതാണ്. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും രവീന്ദ്ര ജെയിന്‍ തന്നെ. അദ്ദേഹത്തിന്റെ ‘ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘വോയ്സ്‌ ഓഫ് ഇന്ത്യ’ എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയിന്‍ നല്‍കിയ വിശേഷണം.

1976ൽ പുറത്തിറങ്ങിയ ചിറ്റ്ചോർ. ദക്ഷിണേന്ത്യക്കാരനായ യേശുദാസ് ഹിന്ദിയിൽ പാടി ദേശീയപുരസ്കാരം നേടിയ പാട്ട്. അന്ധതയെ കുറവായി കാണാത്ത ജെയിൻ ഒരു തവണയെങ്കിലും കണ്ണുതെളിയാൻ ആഗ്രഹിച്ചു അതും യേശുദാസിനെ നേരിൽ കാണാൻ. എങ്കിലും ഗായകൻ സംഗീതസംവിധായകൻ ബന്ധത്തിൽ ഊഷ്ളമതയിൽ ഒതുക്കാനാവില്ല രവീന്ദ്രജെയിനിനെ.

ഛോർ മചായേ ഷോറിൽ കിഷോർ കുമാറിനെ കൂടെക്കൂട്ടിയായിരുന്നു വിസ്മയം തീർത്തത്. അലിഗഡിൽ 1944ൽ ജനനം.‌ ഏഴു മക്കളുള്ള പണ്ഡിറ്റ് ഇന്ദ്രമണി ജെയിൻ -കിരൺ ജെയിൻ ദമ്പതികളുടെ സങ്കടമെപ്പോഴും മൂന്നാമത്തെ മകനെക്കുറിച്ചായിരുന്നു.പാട്ടുപാടിയും കവിത എഴുതിയും ആ ബാലൻ പക്ഷേ അച്ഛനമ്മമാരെ സന്തോഷിപ്പിച്ചു.

- Advertisement -

പാട്ടിന്റെ വഴിതെളിച്ച് ഗുരുക്കൻമാരുടെ നീണ്ട നിര. കൊൽക്കത്തയിൽ നിന്നു തുടങ്ങിയ സംഗീതയാത്ര എഴുപതുകളുടെ തുടക്കിൽ മുംബയിലേക്ക് പറിച്ചു നട്ടു. ശേഷം ബോളിവുഡ് രവീന്ദ്രജെയിനിനായി കാതുകൂർപ്പിച്ചു. ഭജനുകളും ഗസലുകളും രാമായണമടക്കമുള്ള ടി വി സീരിയലുകളുമൊക്കയായി രവീന്ദ്രജെയിൻ സംഗീതം പകർന്നത് എണ്ണമറ്റഗാനങ്ങൾക്ക്.

അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും സൗദാഗറിന്റെ റെക്കോർഡിങ് പൂർത്തിയാക്കി മാത്രം മടങ്ങിയ ചരിത്രമുണ്ട് രവീന്ദ്രജെയിനിന്. ഒടുവിൽ മരണം തന്നെ വന്നു വിളിച്ചതും ഒരു സംഗീതപരിപാടിക്കായി തയ്യാറെടുത്ത നേരത്ത്. തന്നെക്കുറിച്ച് ആശങ്കപ്പെട്ട കുടുംബത്തിലേക്ക് പത്മശ്രീയടക്കമുള്ള സൗഭാഗ്യങ്ങൾ എത്തിച്ചാണ് ആ മകൻ യാത്രയായത് നൈർമല്യമൂറുന്ന പാട്ടുകൾ നമുക്ക് സമ്മാനിച്ചു കൊണ്ട്.

യേശുദാസുമായുള്ള ബന്ധമാണ് രവീന്ദ്ര ജെയിനെ മലയാളത്തിലുമെത്തിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമിച്ചു ഹരിഹരൻ സംവിധാനം ചെയ്‌ത സുജാത(1977)എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം ആദ്യം സംഗീതം പകർന്നത്. ആശാ ഭോസ്‌ലേയെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതും രവീന്ദ്ര ജയിനാണ്. പിന്നീട് സുഖം സുഖകരം,ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു.

Share This Article
Leave a comment