ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിൽ ഏഴ് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. അത് പത്തെണ്ണമാക്കി വർധിപ്പിക്കാനാണ് തീരുമാനമായത്. കൂടാതെ 60 വയസ് കഴിഞ്ഞവർക്കായി പ്രത്യേക കൗണ്ടറും തുറക്കും.
ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം ഈ കൈക്കൊണ്ടത്. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.