മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് 14 ജില്ലകളിലും യാത്ര നടത്തിയ നവകേരള ബസ് വീണ്ടും നിരത്തിലിറക്കി ഓടിക്കുന്നു. ചില രൂപമാറ്റങ്ങൾ വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും ഇപ്പോൾ കോഴിക്കോട് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് – ബംഗുളുരു റൂട്ടിലാണ് നവകേരള ബസ് സർവീസ് പുനരാരംഭിക്കുന്നത്.
ബസിൽ പുതുതായി11 സീറ്റുകൾ അധികമായി ഘടിപ്പിച്ചാണ് ഇനി നിരത്തിലിറക്കുന്നത്. ഇതോടെ ആകെ 37 സീറ്റുകൾ ബസിലുണ്ടാകും. എസ്കലേറ്റർ, പിന്നിലെ വാതിൽ എന്നിവ പുതുക്കിയ പരിഷ്ക്കാരത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പകരം മുൻഭാഗത്തുള്ള വാതിലിലൂടെ മാത്രമായിരിക്കും യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുക. ബസിൽ ശൗചാലയം അതുപോലെ നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചതായാണ് വിവരം. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് 930 രൂപയാണ് ഇനിമുതൽ ചാർജ് ചെയ്യുക.1280 രൂപയാണ് നേരത്തേ ഈ റൂട്ടിലെ യാത്രക്കു നൽകേണ്ടിയിരുന്നത്.