ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നു വീണു. 10 യാത്രക്കാർ മരിച്ചു. പതിനേഴോളം പേർക്ക് പരിക്കേറ്റു. ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. വിനോദ സഞ്ചാര നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്.
ഇരട്ട എഞ്ചിനുള്ള പൈപ്പർ പിA 42- 1000 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വീടിന്റെ ചിമ്മിനിയിൽ തട്ടി നിയന്ത്രണം വിട്ട വിമാനം മറ്റൊരു കെട്ടിടത്തിന്റെ മുകൾ നിലയിൽ തട്ടി മൊബൈൽ ഷോപ്പിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന പന്ത്രണ്ടോളം പേർക്കാണ് പരിക്ക് പറ്റിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബ്രസീലിയൻ ബിസിനസ്മാനായ ലൂയിസ് ക്ലൗഡിയോ ഗലേസിയുടേതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂയിസും ഭാര്യയും 3 മക്കളും മറ്റ് ബന്ധുക്കളും സാവോ പോളോയിലേക്ക് സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. റിയോ ഡി ജനെയ്റോയിലെ കാനെല വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം.