മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള നിർമാതാക്കൾ അഞ്ചു പൈസ മുടക്കാതെയാണ് നിർമിച്ചതെന്ന് കണ്ടെത്തൽ. നിരവധി പേരിൽ നിന്ന് 28 കോടി രൂപ ചിത്രത്തിൻ്റെ നിർമാണ സമയത്ത് പറവ ഫിലിംസിൻ്റെ അക്കൗണ്ടിൽ എത്തിയതായും പൊലിസ് കണ്ടെത്തി. സൗബിൻ ഷാഹിറിൻ്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയാണ് പറവ ഫിലിംസ്. സിനിമ നിർമിക്കാൻ ആകെ ചെലവാക്കിയത് 19 കോടി രൂപയിൽ താഴെ മാത്രമാണ്. ബാക്കി പണത്തിനാകട്ടെ യാതൊരു വിധത്തിലുള്ള കണക്കുകൾ സൂക്ഷിച്ചിട്ടുമില്ല.
പറവ ഫിലിംസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് പൊലിസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ആദ്യം ഏഴുകോടി രൂപ മുടക്കിയത് സിറാജ് ഹമീദ് എന്ന നിർമാതാവാണ്. സിനിമയുടെ ലാഭത്തിൻ്റെ 40 ശതമാനം നൽകാം എന്നതായിരുന്നു പറവ ഫിലിംസും സിറാജും തമ്മിലുള്ള കരാർ. ചിത്രം വലിയ തോതിൽ പണം നേടിയ ശേഷം സിറാജിന് ഒരു രൂപ പോലും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം കേസുമായി മുന്നോട്ടു പോയത്.
സിറാജ് നൽകിയ കേസിൻ്റെ അടിസ്ഥാനത്തിൽ പറവ ഫിലിംസുമായി ബന്ധപ്പെട്ട ഓഫിസുകളിലും സൗബിൻ ഷാഹിറിൻ്റെ വസതികളിലുമൊക്കെ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഏകദേശം 40 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പാണ് സൗബിൻ നടത്തിയതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.