തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൊബയിൽ ഫോൺ ഷോപ്പിലെത്തിയ യുവാവ് അതിവിദഗ്ധമായി 30,000 രൂപ വീതം വിലയുള്ള ആറ് മൊബയിൽ ഫോണുകൾ തട്ടിയെടുത്തു. നെയ്യാറ്റിൻകരയിൽ പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നന്നും അവിടെ ഉപയോഗിക്കാനാണ് ഫോണുകളെന്നുമാണ് യുവാവ് മൊബയിൽ ഷോപ്പിലെ ജീവനക്കാരോട് പറഞ്ഞത്. ആറു ഫോണുകളുടെ വിലയായ 1, 80,000 രൂപ ഒരുമിച്ച് നൽകാൻ കഴിയാത്തതിനാൽ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ചെയ്യാം എന്നറിയിച്ച് യുവാവ് കടയിൽ നിന്ന് പുറത്തു പോവുകയും ചെയ്തതായി ജീവനക്കാർ പറയുന്നു.
ബാങ്കിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്ത രീതിയിൽ സ്ലീപ്പിൽ എഴുതി സൂത്രത്തിൽ സീലും വയ്പ്പിച്ച് മൊബയിൽ ഷോപ്പിലെ ജീവനക്കാരെ കാണിച്ച് പണം അവരുടെ അക്കൗണ്ടിലേക്ക് അയച്ചതായി തെറ്റിദ്ധരിപ്പിച്ച് ആറു ഫോണുകളുമായി പോവുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്താത്തതിനാൽ ജീവനക്കാർ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു മനസിലായത്.
പൊലിസും ജീവനക്കാരും ചേർന്ന് പരിസരമാകെ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ പുതിയ പുതിയ തട്ടിപ്പുകളുമായി സംഘമായും ഒറ്റതിരിഞ്ഞും ആളുകൾ എത്തുമെന്നും വ്യാപാരികൾ ഉൾപ്പെടെ എല്ലാവരും ശ്രദ്ധിക്കണമെന്നും പൊലിസ് മുന്നറിയിപ്പു നൽകുന്നു.