മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന് തുടരും എന്നു പേരിട്ടു. ഓപ്പറേഷൻ ജാവ , സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ പേരെടുത്ത സംവിധായകൻ തരുൺ മൂർത്തിയാണ് തുടരും ഒരുക്കുന്നത്. ഏറെ നാളുകൾക്കു ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ശോഭന ഈ ചിത്രത്തിൻ മോഹൻലാലിൻ്റെ നായികയായി എത്തുന്നു എന്നതും ചിത്രത്തിൻ്റെ പ്രത്യേകതയാണ്.
തരുൺ മൂർത്തിയും ഫോട്ടോഗ്രാഫറായ കെ ആർ സുനിലും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാലിന് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നതെന്നും അത് എല്ലാവർക്കും ഇഷ്ടമാകുമെന്നും തരുൺ മൂർത്തി പറയുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങൾ കൂടി അഭിനയിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്. വൈകാതെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.