ഇന്നലെ മുതൽ കാണാതായ തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാർ മന:പ്രയാസം മൂലമാണ് നാടുവിട്ടുപോയതെന്ന് ഭാര്യയെ അറിയിച്ചു. ഭാര്യയുടെ ഫോൺ അറ്റൻ്റു ചെയ്ത ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് തന്നെയാണ് ഭാര്യയോട് ഇക്കാര്യം പറഞ്ഞത്. താൻ കർണാടകയിലെ ഒരു ബസ്സ്റ്റാൻ്റിൽ ഇരിക്കുകയാണന്നും ഉടനേ വീട്ടിലേക്കെത്താമെന്നും ചാലിബ് പറഞ്ഞതായി ഭാര്യ പൊലിസിനെ അറിയിച്ചു.
തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബ് ബുധനാഴ്ച ഓഫീസ് സമയത്തിനു ശേഷം ഓഫിസിൽ നിന്നിറങ്ങിയതാണ്. കുറച്ച് വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിക്കുകയും ചെയ്തു. രാത്രി ഏറെ വൈകിയപ്പോൾ ഭാര്യ മൊബയിലിൽ ചാലിബിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച് ഓഫ് ആയിരുന്നു. തുടർന്നാണ് പൊലിസിൽ വിവരമറിയിച്ചത്. മൊബയിൽ ലൊക്കേഷൻ അവസാനമായി കോഴിക്കോട് ആണ് കാണിച്ചത്.
പുലർച്ചെ രണ്ടു മണി വരെ പ്രവർത്തിച്ച മൊബയിൽ ഫോൺ പിന്നെ ഓഫ് ആവുകയായിരുന്നു.കർണാടകയിലെ ഉടുപ്പിയിൽ ഫോണിൻ്റെ ലൊക്കേഷൻ കാണിച്ചതായി പൊലിസ് അന്വേഷണത്തിൽ മനസിലാക്കി. ചാലിബിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 10,000 രൂപ പിൻവലിച്ചതായും പൊലിസ് മനസിലാക്കിയിട്ടുണ്ട്.