ഭർത്താവിന്റെ സഹോദരിയുടേയും കൂട്ടുകാരിയുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം മോഷ്ടിച്ച യുവതിയെ പൊലിസ് പിടി കൂടി. ഇൻസ്റ്റഗ്രാം താരമായ മുബീനയാണ് പിടിയിലായത്. കല്ലറ പാങ്ങോടിനു സമീപം ഭജനമഠം സ്വദേശിയാണ് മുബീന. ആഡംബര ജീവിതം നയിക്കാനാണ് സ്വർണം മോഷ്ടിച്ചതെന്ന് മുബീന ചിതറ പൊലിസിനോട് പറഞ്ഞു.
ഏകദേശം 7 പവനോളം സ്വർണം സെപ്റ്റംബറിലാണ് മുബീനയുടെ ഭർത്താവിൻ്റെ സഹോദരിയുടെ വീട്ടിൽ നിന്നും കാണാതായത്. പൊലിസെത്തി സി സി ടി വി പരിശോധിച്ചപ്പോൾ സെപ്റ്റംബർ 30 ന് രാവിലെ 10 മണിക്ക് മുബീന വന്നു പോകുന്നതാണ് കണ്ടത്. അതിനു ശേഷം ആരും വന്നിട്ടുമില്ല. സമാനമായ മോഷണം ചിതറ പൊലിസിലും പരാതിയായി എത്തിയിരുന്നു. അത് മുബീനയുടെ സുഹൃത്തിൻ്റെ വീട്ടിലുമായിരുന്നു. തുടർന്ന് മുബീനയെ പറ്റി പൊലിസ് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി.
ഓട്ടോ ഡ്രൈവറായിരുന്ന മുബീനയുടെ ഭർത്താവ് അടുത്ത കാലത്താണ് ഗൾഫിൽ പോയത്. സാമ്പത്തികമായി ഒട്ടും മെച്ചമല്ലാത്ത സാഹചര്യത്തിലും ഒന്നരലക്ഷം രൂപയുടെ മൊബയിൽ ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്. പൊലിസിൻ്റെ ചോദ്യം ചെയ്യലിൽ ആദ്യം പതറാതെ നിന്ന മുബീനക്ക് അധിക സമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. മുബീനയുടെ വീട്ടിൽ നിന്നും കുറച്ച് സ്വർണാഭരണങ്ങളും പണവും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.