മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലിസിനു കൈമാറിയിട്ടുണ്ട്, എന്നാൽ ബന്ധുക്കൾക്ക് നൽകിയിട്ടില്ല. നവീൻ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. അന്നു പുലർച്ചെ 4.58 നാണ് അവസാനമായി നവീൻ്റെ മൊബയിൽ ഫോണിൽ നിന്ന് രണ്ട് സഹപ്രവർത്തകർക്ക് സന്ദേശം അയച്ചിരിക്കുന്നത്. ഭാര്യയുടേയും ഒരു മകളുടേയും നമ്പറാണ് അയച്ചു നൽകിയിരുന്നത്. വിവരങ്ങൾ കൈമാറാൻ വേണ്ടിയാകാം അങ്ങനെ ചെയ്തിട്ടുണ്ടാവുക.
മൃതദേഹത്തിൽ മുറിവുകളോ മറ്റ് അടയാളങ്ങളോ ഒന്നും ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ല. പക്ഷേ എപ്പോഴാണ് മരിച്ചതെന്നുള്ള കൃത്യസമയം റിപ്പോർട്ടിൽ പറഞ്ഞിട്ടുമില്ല. യാത്രയയപ്പു യോഗശേഷം റെയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരൻ കോവിൽ ഭാഗത്താണ് നവീനെ അദ്ദേഹത്തിൻ്റെ ആവശ്യപ്രകാരം കൊണ്ടുവിട്ടതെന്ന് എ ഡി എമ്മിൻ്റെ ഡ്രൈവർ പറഞ്ഞിരുന്നു.
കാറിൽ നിന്നും ഇറങ്ങിപ്പോയ നവീൻ ബാബുവിനെ പിന്നെ കണ്ടതായി പിന്നെ ആരും പറഞ്ഞിട്ടില്ല. ഒരു സുഹൃത്തിനെ കാണാനുണ്ട് എന്നു പറഞ്ഞിരുന്നെങ്കിലും ആ സുഹൃത്ത് ആരാണന്നും അറിയാൻ കഴിഞ്ഞിട്ടില്ല. അവിടെ നിന്നും ഓട്ടോറിക്ഷയിലോ ടാക്സി വാഹനങ്ങളിലോ നവീൻ കയറിയതായും ആരും സ്ഥിരീകരിച്ചിട്ടുമില്ല. നവീൻ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തെ താമസക്കാരാരും നവീൻ വന്നെന്നോ അവിടെയുണ്ടന്നോ അറിഞ്ഞിരുന്നുമില്ല. ഇക്കാര്യങ്ങൾക്കു കൂടി ഇനി മറുപടി ലഭിക്കേണ്ടതുണ്ട്. യോഗത്തിലെ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ പ്രസംഗശേഷം ആകെ തകർന്ന മട്ടിലായിരുന്നു നവീൻ ബാബുവെന്ന് സഹപ്രവർത്തകർ പറയുന്നു