കിണട്ടിൽ വീണ കാട്ടു പന്നികളെ വെടിവച്ചു കൊന്നു. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലുള്ള കാക്കത്തോട് ബാബുവിൻ്റെ വീട്ടിലെ കിണട്ടിനുള്ളിലാണ് അഞ്ചു കാട്ടു പന്നികൾ വീണത്. കിണട്ടിൽ കിടന്ന പന്നികളെ കയറിട്ടു കുരുക്കി നിർത്തിയിട്ടാണ് വനം വകുപ്പ് വെടി വച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണ് കാട്ടുപന്നികൾ കിണിട്ടിനുള്ളിൽ അകപ്പെട്ടത് വീട്ടുകാർ അറിയുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥർ പന്നികളെ ജീവനോടെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാത്രമല്ല ജീവനോടെ പിടി കൂടി കാട്ടിൽ വിടാനുള്ള ശ്രമത്തെ നാട്ടുകാർ എതിർക്കുകയും ചെയ്തു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെടുകയായിരുന്നു. ഒടുവിൽ വനം വകുപ്പ് പന്നികളെ വെടി വച്ചു കൊല്ലുകയായിരുന്നു.