ജയിലിൽ നിന്ന് പരോളിലിറങ്ങി ചാരായം വാറ്റിയ തൃശൂർ സ്വദേശി പൊലിസെത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. കൊലപാതക കേസിലെ പ്രതിയും ബി ജെ പി പ്രവർത്തകനുമായ തൃശൂർ ആളൂർ സ്വദേശി സതീശനാണ് പരോളിനിടെ ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റിയത്. ചാലക്കുടിയിലെ സി പി എം പ്രവർത്തകൻ ആയിരുന്ന മാഹിനെ ആശുപത്രിയിൽ വച്ച് വെട്ടിക്കൊന്ന കേസിൽ തവനൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സതീശൻ. ഇന്ന് ഇയാളുടെ പരോൾ കാലാവധി അവസാനിക്കാൻ ഇരിക്കവേയാണ് പുതിയ കേസിൽ പ്രതിയാകുന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്ക് വീട്ടിലെത്തിയ പൊലിസിനെ കണ്ട് സതീശൻ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് വാറ്റു ചാരായവും വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായും സതീശനെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു.