പ്രളയം ബാധിച്ച കേരളം ഉൾപ്പടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 14 സംസ്ഥാനങ്ങൾക്ക് ഇതുവരെ സഹായം അനുവദിച്ചിട്ടുണ്ട്. എസ് ഡി ആർ എഫ് (സംസ്ഥാന ദുരന്ത പ്രതികരണ നിധി ) ൽ നിന്നുള്ള കേന്ദ്ര വിഹിതം, എൻ ഡി ആർ എഫ് (ദേശീയ ദുരന്ത പ്രതികരണ നിധി) ൽ നിന്നുള്ള മുൻകൂർ സഹായം എന്നിങ്ങനെ 5858.60 കോടി രൂപ ആകെ അനുവദിച്ചിട്ടുണ്ട്.
കണക്കുകൾ സംസ്ഥാന അടിസ്ഥാനത്തിൽ വേർതിരിച്ച് നോക്കിയാൽ ഇപ്രകാരമാണ്. മഹാരഷ്ട്ര – 1,492 കോടി, ആന്ധ്ര – 1,036 കോടി, അസം – 716 കോടി, ബിഹാർ – 655.60 കോടി, ഗുജറാത്ത് – 600 കോടി, ഹിമാചൽ – 189 . 20 കോടി, മണിപ്പൂര് – 50 കോടി, മിസോറാം – 21.60 കോടി, നാഗാലാൻ്റ് – 19.20 കോടി, സിക്കിം – 23.60 കോടി, തെലങ്കാന – 416. 80 കോടി, തൃപുര – 25 കോടി, പശ്ചിമ ബംഗാൾ – 468 കോടി എന്നിങ്ങനെയാണ്. ഇനി കേരളത്തിനു കിട്ടിയ സഹായം കൂടി നോക്കാം. 145.60 കോടി.
സഹായം ലഭിച്ച സംസ്ഥാനങ്ങളിലെല്ലാം തീവ്ര മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. കേരളം കൂടാതെ അസം, തൃപുര, നാഗാലാൻ്റ്, മിസോറം, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മണിപ്പൂർ, തെലങ്കാന എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി ഐ എം സി ടി ( അന്തർ മന്ത്രിതല സംഘം) എത്തുകയും ചെയ്തിരുന്നു. ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ ഉടൻ സംഘത്തെ അയച്ച് വിലയിരുത്തൽ നടത്തും. അതിനനുസരിച്ചാവും കേന്ദ്ര സഹായം അനുവദിക്കുക.
വയനാട്ടിലെ ദുരന്തം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കായി കേരളം ആവശ്യപ്പെട്ടത് 3,000 കോടി രൂപയാണ്. നിലവിൽ അനുവദിച്ചതാകട്ടെ വളരെ തുച്ഛമായ തുകയും. വയനാട് ദുരന്തം നേരിൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും വന്നു. പിന്നാലെ കേന്ദ്രസംഘം വന്നു. സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും അടുത്ത സഹായം ഉണ്ടാവുക.
വയനാട് ദുരന്തം നടന്നിട്ട് രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ ഒരു പ്രതികരണവും കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അക്കാര്യത്തിൽ സ്വാഭാവികമായും വിമർശനം പല കോണുകളിൽ നിന്നും ഉണ്ടാകുന്നുമുണ്ട്. പക്ഷേ, വിവാദങ്ങളുടെ വിളനിലമായ കേരള രാഷ്ട്രീയ – സാമൂഹിക – ഭരണ മണ്ഡലങ്ങളിൽ വിവാദ ബഹളങ്ങളിൽ ഇക്കാര്യം ആരും ഓർക്കുന്നതായി പോലും തോന്നുന്നില്ല. എന്നാൽ അടിക്കടി വിവാദങ്ങൾ മാത്രം ഉണ്ടാകുന്ന കേരളത്തിൽ ഭരണകർത്താക്കളും ഭരണം കയ്യിൽ ഇല്ലാത്തവരും ഭരിക്കാൻ കോപ്പു കൂട്ടുന്നവരും വിവാദങ്ങൾ മാത്രം അന്തരീക്ഷത്തിൽ നിറയ്ക്കുന്ന മാധ്യമങ്ങളും വയനാടിനെപ്പറ്റിയും, അടിക്കടി ദുരന്ത പറമ്പാകുന്ന കേരളത്തെപ്പറ്റിയും അവിടത്തെ സാധാരണക്കാരനെപ്പറ്റിയും കൂടി ഒന്ന് ഓർത്താൽ നന്നായിരുന്നു എന്നൊരു അപേക്ഷയുണ്ട്.