മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന വ്യക്തികളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐ ടി മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ ദിവസം 40 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു.
മൊബൈല്‍ വാനില്‍ സജ്ജികരിച്ച സംവിധാനത്തിലുടെയാണ് ദുരിത ബാധിതര്‍ക്ക് സേവനം നല്‍കിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
റീജിയണൽ പാസ്പോർട്ട് ഓഫീസർ അരുൺ മോഹൻ്റെ
നേതൃത്വത്തിലായിരുന്നു ക്യാമ്പ്. മേപ്പാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, ജില്ലാ ഭരണകൂടം, കോഴിക്കോട് പാസ്പോർട്ട് ഓഫീസ്, ഐ ടി മിഷൻ, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മേപ്പാടി അക്ഷയ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ നെരോത്ത് കൂട്ടായ്മ സ്വരൂപിച്ച പണം ഉപയോഗിച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടുപോയവർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ചെലവായ തുക ക്യാമ്പിൽ വച്ച് തിരികെ നൽകുകയും ചെയ്തു.