എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എം എൽ എ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എം എൽ എ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എം എൽ എ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. എം എൽ എ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്.
പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് ആവർത്തിച്ച പി വി അൻവർ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് ഉയര്‍ത്തിയത്.