മലയാളത്തിൻ്റെ അമ്മ മടങ്ങി

At Malayalam
1 Min Read

കവിയൂർ പൊന്നമ്മ എന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട അമ്മ പതിനായിരങ്ങളുടെ സ്നേഹാഞ്ജലി ഏറ്റുവാങ്ങി മണ്ണിലേക്ക് മടങ്ങി. രാവിലെ കളമശേരിയിലെ ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹത്തിൽ വിവിധ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയുമടക്കം പ്രമുഖരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ കാണാൻ എത്തിയിരുന്നു.

വൈകിട്ട് നാലു മണിയോടെ, സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ കവിയൂർ പൊന്നമ്മയുടെ വീട്ടുവളപ്പിൽ അവരുടെ ആഗ്രഹപ്രകാരം സംസ്ക്കരിക്കുകയായിരുന്നു. ഏക മകൾ രണ്ടു ദിവസം മുമ്പ് അമേരിക്കയിലേക്ക് മടങ്ങി പോയതിനാൽ പൊന്നമ്മയുടെ ഇളയ സഹോദരനാണ് ചിതയ്ക്കു തീ കൊളുത്തിയത്. ആലുവയിലെ കരുമാലൂരിലാണ് പൊന്നമ്മ പണിഞ്ഞ ഈ വീട്.

മൂന്നു മണിക്കൂറിൽ അധികം നീണ്ട പൊതു ദർശനത്തിനു ശേഷം ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ അവിടെയും തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയെ ഒരു നോക്കു കാണാൻ ആരാധകർ ഒഴുകിയെത്തി. ഇന്നലെ വൈകിട്ടോടെയാണ് കവിയൂർ പൊന്നമ്മ വിടവാങ്ങിയത്. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം കഴിഞ്ഞ മെയ് മാസത്തിൽ സ്ഥിരീകരിച്ച ക്യാൻസർ ബാധയും കവിയൂർ പൊന്നമ്മയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയായിരുന്നു.

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ സ്വന്തം അമ്മയെ പോലെ തന്നെ സ്നേഹവാത്സല്യങ്ങളോടെ പുഞ്ചിരിക്കുന്ന പൊന്നമ്മയുടെ മുഖവും എല്ലാ കാലത്തും നിറഞ്ഞു നിൽക്കും എന്നതിൽ സംശയമില്ല.

- Advertisement -
Share This Article
Leave a comment