അനധികൃതമായി നടത്തുന്ന നെൽവയൽ നികത്തൽ തടഞ്ഞു നിലം പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
രണ്ടു ദിവസമായി എറണാകുളത്ത് നടന്ന
ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് കളക്ടർമാർക്ക് മന്ത്രി ഈ നിർദേശം നൽകിയത്.
തോട്ടഭൂമി ഉൾപ്പെടെയുള്ള ഭൂമി അനുവദിച്ച കാര്യങ്ങൾക്കല്ലാതെ തരം മാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ഭൂമിയുടെ തരം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് ലാൻഡ് ബോർഡുകളിൽ റിപ്പോർട്ട് ചെയ്ത് മിച്ചഭൂമി കേസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റവന്യു വകുപ്പിനെ ജനകീയ വത്കരിക്കാനുള്ള വില്ലേജ് തല ജനകീയ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ഇതിനായി കൂടുതൽ ഡെപ്യൂട്ടി തഹസിൽ മാർക്ക് ചുമതല നൽകും.
സർക്കാരിൻ്റെ നൂറുദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേളകളും സംഘടിപ്പിക്കും.
ഭൂമി തരംമാറ്റത്തിനുള്ള കുടിശിക അപേക്ഷകൾ തീർപ്പാക്കുന്നതിന് ഒക്ടോബർ 25 മുതൽ നവംബർ 10 വരെ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനും സത്വര പരിഹാരം കാണുന്നതിനും തഹസിൽദാർമാരെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.