സെപ്റ്റംബർ – 08
ആശാ ഭോസ് ലെ
ഇന്ത്യൻ സംഗീത രംഗത്തെ നിത്യവിസ്മയങ്ങളാണ് ലതാ മങ്കേഷ്കർ – ആശാ ഭോസ്ലേ സഹോദരിമാർ. ആൽമരം പോലെ വളർന്നു പന്തലിച്ച ലതാ മങ്കേഷ്കർ എന്ന വടവൃക്ഷത്തിന്റെ തണലിലേക്ക് ഒതുങ്ങാതെ, സംഗീത സരണിയിൽ തന്റേതായൊരു പാത തന്നെ വെട്ടിത്തെളിച്ച ആശാ ഭോസ്ലേ എന്ന സംഗീത പ്രതിഭയ്ക്ക് 90-ാം പിറന്നാൾ. ഏഴു പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്തിനെ വിസ്മയിപ്പിക്കുകയാണ് ഈ നിത്യഹരിത ഗായിക. 20 ഭാഷകളിലായി 11,000 പാട്ടുകൾ പാടി, ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു.
ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള ആശ ഭോസ്ലേ ലോകത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായിക കൂടിയാണ്. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയും ആശാ ഭോസ്ലേ തന്നെ. 2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008 ൽ പത്മവിഭൂഷണും നല്കി രാജ്യം ഈ ‘മെലഡി റാണി’യെ ആദരിച്ചു.
1977 ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന മലയാള ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് രവീന്ദ്ര ജെയിന് സംഗീതം പകർന്ന ‘സ്വയംവര ശുഭദിന മംഗളങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍…” എന്ന ഗാനമാണ് ആശാ ഭോസ്ലേയുടെ ഏക മലയാളഗാനം. രവീന്ദ്ര ജെയിനുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഈ മലയാളം ഗാനം ആശാ ഭോസ്ലേ പാടുന്നത്.
മറാത്ത നാടക നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും മകളായി 1933 സെപ്റ്റംബർ 8-ന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ആശാ ഭോസ്ലേ ജനിക്കുന്നത്. പത്താം വയസ്സിൽ മറാത്തി ഫിലിം ‘മജ്ഹ ബാൽ’ (1943) എന്ന ചിത്രത്തിൽ പാടി കൊണ്ടാണ് ആശ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 1948 ൽ ‘ചുനരിയ’യിലെ ‘സാവൻ ആയാ..’ എന്ന പാട്ടു പാടി ഹിന്ദിയിലും ആശ അരങ്ങേറ്റം കുറിച്ചു. ആശ ബോളിവുഡിലേക്ക് വന്നപ്പോഴേക്കും സഹോദരിയായ ലതാ മങ്കേഷ്കർ സംഗീത ലോകത്ത് തന്റേതായൊരു ഇരിപ്പിടം സ്വന്തമാക്കി കഴിഞ്ഞിരുന്നു. ലതാ മങ്കേഷ്കറെ പോലെ പാടാനോ അനുകരിക്കാനോ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്ലേ ശ്രമിച്ചത്. സഹോദരി ലതയെ കൂടാതെ, ഗീത ദത്ത്, ഷംസദ് ബീഗം പോലുള്ള സംഗീത പ്രതിഭകളും അരങ്ങു വാഴുന്ന സംഗീത ലോകത്ത് അതിജീവനമെന്നത് ആശയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.
ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി, സംഗീത സംവിധായകനായ ഒ പി നയ്യാർ ആയിരുന്നു. നയ്യാറാണ് 1956 ൽ സി ഐ ഡി എന്ന ചിത്രത്തിലെ പാട്ടിലൂടെ ആശയ്ക്കൊരു ബ്രേക്ക് നൽകിയത്. പിന്നീട് അങ്ങോട്ട് നയ്യാർ – ഭോസ്ലേ കൂട്ടുകെട്ടിൽ 324 നടുത്ത് പാട്ടുകളാണ് പിറന്നത്. മുന്നൂറിലേറെ പാട്ടുകൾ ആശയ്ക്ക് വേണ്ടി ഒരുക്കിയപ്പോഴും ഒരു പാട്ടുപോലും ‘ഇന്ത്യയുടെ വാനമ്പാടി’യായ ലതാ മങ്കേഷ്കറിന് നൽകാൻ നയ്യാർ തയ്യാറായില്ല.
എന്തു കൊണ്ട് ലതാ മങ്കേഷ്കറിനു വേണ്ടി പാട്ടൊരുക്കിയില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “എനിക്ക് വേണ്ടത് കരുത്തുള്ള, തുറന്നു പാടുന്ന, ഇന്ദ്രിയ സംവേദിയായ ശബ്ദമായിരുന്നു. ലതയുടേത് മെലിഞ്ഞ, നേർത്ത ശബ്ദമാണ്, അതെന്റെ സംഗീത പരീക്ഷണങ്ങളുമായി യോജിക്കുന്നതല്ലായിരുന്നു,” എന്നാണ് നയ്യാർ മറുപടി നൽകിയത്.
അധികം വൈകാതെ നയ്യാർ – ഭോസ്ലേ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഗോസിപ്പുകൾ വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഗോസിപ്പ് കഥകളിലെ ആ ‘പ്രണയം’ ആശയുടെ ജീവിതത്തിൽ പൂവണിഞ്ഞില്ല. അപ്പോഴേക്കും ആശ, ആർ ഡി ബർമാനുമായുള്ള പുതിയ സംഗീത കൂട്ടുകെട്ട് തുടങ്ങി കഴിഞ്ഞിരുന്നു. ഒടുവിൽ തന്നേക്കാളും ആറു വയസ്സിന് ഇളയവനായ ആർ ഡി ബർമനെ ആശ ഭോസ്ലേ വിവാഹം ചെയ്തു. അജ്ഞാതനായി നിന്ന് ആശയ്ക്ക് പൂക്കൾ അയച്ചു കൊണ്ടിരുന്ന ആരാധകൻ കൂടിയായിരുന്നു ബർമൻ. ആശയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് 16-ാം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്ലേയെ മുൻപ് വിവാഹം ചെയ്തിരുന്നു.
ആർ ഡി ബർമൻ ആശയ്ക്ക് ‘പഞ്ച’മാണ്. സംഗീതമാണ് താനും പഞ്ചവും തമ്മിലുള്ള വിവാഹത്തിന്റെയും ബന്ധത്തിന്റെയും അടിത്തറ എന്നാണ് ആശാ ഭോസ്ലേയുടെ അഭിപ്രായം. മണിക്കൂറുകളോളം ബിസ്മില്ലാ ഖാനെയും ഷേർലി ബാസ്സെയും കേട്ടിരുന്നാലും ഞങ്ങൾക്ക് മടുക്കില്ല. സംഗീതത്തിലുള്ള ഞങ്ങളുടെ അഭിരുചി വിശാലവും വൈവിധ്യം നിറഞ്ഞതുമാണെന്നാണ് ആശയുടെ പക്ഷം.
നയ്യാറെ പോലെ തന്നെ, വേസ്റ്റേൺ ട്യൂണിനൊപ്പം ക്ലാസ്സിക്കൽ നോട്ടും കൂടി സമന്വയിച്ചുള്ള പാട്ടുകളാണ് ബർമനും ആശയ്ക്ക് നൽകിയത്, തനതായ ‘ഭോസ്ലേ ടച്ച്’ നൽകി ആശ ആ പാട്ടുകളെയെല്ലാം അനശ്വരമാക്കി.
വൈവിധ്യസമ്പന്നമായ സ്വരത്തിനുടമയായ ആശാ ഭോസ്ലേ മികച്ചൊരു കുക്ക് കൂടിയാണ്. സംഗീതത്തിനൊപ്പം പാചകവും തന്റെ പാഷനായി കരുതുന്ന ആശയ്ക്ക് വലിയൊരു റസ്റ്ററന്റ് ശൃംഖല തന്നെയുണ്ട്.
“പാചകമെന്നത് ഹൃദയത്തിൽ നിന്നും വരേണ്ടതാണ്. മറ്റുള്ളവരോടുള്ള സ്നേഹവും അതിലുണ്ടാകും. പാട്ടു പോലെ തന്നെ ആസ്വദിക്കാവുന്ന ഒന്നാണ് ഭക്ഷണവും”, തന്റെ പാചകത്തോടുള്ള ഇഷ്ടത്തെ കുറിച്ച് ഭോസ്ലേ പറയുന്നു.
ഒരിയ്ക്കലും പ്രായമാവാത്ത, കാലത്തെ അതിജീവിക്കുന്ന ശബ്ദം തന്നെയാണ് ആശാ ഭോസ്ലേ എന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്. പ്രണയഗാനമോ പോപ്പോ ഗസലുകളോ ആവട്ടെ, എല്ലാ ഗാനങ്ങളും അതിന്റെ പൂർണതയിൽ പാടാൻ ആശയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. ഇപ്പോഴും ടീനേജ് യുവത്വത്തെ ത്രസിപ്പിയ്ക്കാന്‍ കഴിവുള്ള ശബ്ദത്തിനുടമയാണ്.
അന്തരിച്ച തബലിസ്റ്റ് അള്ളാ റഖ, എസ് ഡി ബർമ്മൻ, നൗഷാദ്, ഒ പി നയ്യാർ, ഇളയരാജ, എ ആര് റഹ്മാന് എന്നു തുടങ്ങി ഏകദേശം 50 ഓളം സംഗീത സംവിധായകര്‍ക്ക് വേണ്ടി ആശാ ഭോസ്ലേ പാടിയിട്ടുണ്ട്.