ദുരന്ത ബാധിതരുടെ ചട്ടിയിൽ കയ്യിട്ട് ഗ്രാമീൺ ബാങ്ക്.

At Malayalam
1 Min Read

മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ ദുരിത ബാധിതകർക്ക് സർക്കാരിൻ്റെ അടിയന്തര സഹായം ലഭ്യമായ ഉടനെ അതിൽ നിന്നും വായ്പയുടെ ഗഡു ഗ്രാമീൺ ബാങ്ക് ഈടാക്കിയതായി പരാതി. അക്കൗണ്ടിൽ സർക്കാരിൻ്റെ അടിയന്തര സഹായം വന്ന ഉടനേ തന്നെ ഗ്രാമീൺ ബാങ്ക് തങ്ങൾക്ക് കിട്ടാനുള്ള വായ്പാ തിരിച്ചടവ് പിടിച്ചെടുത്തതായാണ് ദുരിത ബാധിതർ പറയുന്നത്. ലോൺ എഴുതി തള്ളണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല ഈ ദുരിതത്തിൽ നിന്ന് കരകയറുന്നതു വരെ ഒരു സാവകാശമെങ്കിലും അനുവദിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.

ദുരന്തബാധിതരിൽ നിന്ന് വായ്പ്പാ തിരിച്ചടവ് ഉടൻ പിടിച്ചെടുക്കില്ല എന്ന് സർക്കാരും സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയും ഉറപ്പു നൽകിയിരുന്നതാണ്. ചൂരൽ മലയിലെ സാധാരണക്കാർ വായ്പാ ആവശ്യങ്ങൾക്കും മറ്റു സാമ്പത്തിക ഇടപാടുകൾക്കും ഏറെ ആശ്രയിച്ചിരുന്നത് ചൂരൽ മലയിൽ പ്രവർത്തിച്ചിരുന്ന ഗ്രാമീൺ ബാങ്ക് ശാഖയെയാണന്നും പ്രദേശവാസികൾ പറയുന്നു.

പുഞ്ചിരി മട്ടം, ചൂരൽ മല, മുണ്ടക്കൈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കും ഇതേ അനുഭവം തന്നെയാണ് ഗ്രാമീൺ ബാങ്കിൽ നിന്നുമുണ്ടായത്. പലരും ബാങ്കിൽ നിന്നും വായ്പയെടുത്ത് തൊഴുത്തു നിർമിക്കുകയും പശുക്കളെ വാങ്ങുകയുമൊക്കെ ചെയ്തവരാണ്. ഉരുൾപൊട്ടലിനെ തുടർന്ന് തൊഴുത്തും പശുക്കളും കിടപ്പാടവും ഒക്കെ നഷ്ടമായി. ജീവൻ മാത്രമായി അവശേഷിച്ചവരോടാണ് ബാങ്കിൻ്റെ ഈ ക്രൂരത.

സർക്കാരിൻ്റെ അടിയന്തര സഹായം കിട്ടിയവരിൽ നിന്ന് വായ്പാ തവണ തിരിച്ചടവ് പിടിച്ചതായി ഗ്രാമീൺ ബാങ്ക് അധികൃതർ സമ്മതിച്ചു. സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുടെ വിശദമായ റിപ്പോർട്ടു കിട്ടാതെ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് ഗ്രാമീൺ ബാങ്കിന്. എന്നാൽ ഒരു റിപ്പോർട്ടും കൂടാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം മറ്റൊരു ബാങ്കും തിരിച്ചടവിൻ്റെ കാര്യത്തിൽ ഒരു നടപടിയും എടുത്തില്ലല്ലോ എന്ന് ഉപഭോക്താക്കളും ചോദിയ്ക്കുന്നു.

- Advertisement -
Share This Article
Leave a comment