ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനം നടത്തിയ സാധാരണക്കാരുടെ പ്രിയ കവിയായിരുന്ന ചെമ്മനം ചാക്കോ.
അതീവ ലളിതമായ ഭാഷ. രൂക്ഷമായ സാമൂഹിക വിമർശനം. പ്രതിപാദിക്കുന്നതാകട്ടെ ഏറ്റവും പ്രസക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും.
സാധാരണക്കർ പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ സ്വന്തം കവിതകളിൽ ആവിഷ്കരിച്ചതിലൂടെ കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പിൻഗാമിയായി മലയാളത്തിൽ തന്റെ സിംഹാസനം ഉറപ്പിച്ചു. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തിൽ വൈദികനായ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926 മാർച്ച് 7 ന് ജനനം.
മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. കേരളത്തിലെ വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു.
ആദ്യകാലത്ത് സി ജെ സി മുളക്കുളം എന്ന പേരിലാണ് എഴുതിയിരുന്നത്. പിന്നീടാണ് ചെമ്മനം ചാക്കോ എന്ന പേര് സ്വീകരിച്ചത്.
1946-ൽ പി ദാമോദരൻ പിള്ള കോട്ടയത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ചക്രവാളം’ മാസികയിൽ ‘പ്രവചനം’ എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു.
1947-ൽ ‘വിളംബരം’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ‘ഉദ്ഘാടനം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ കവിത. ജനങ്ങളുടെ ജീവൽ പ്രധാനങ്ങളായ കാര്യങ്ങൾ നോക്കേണ്ട മന്ത്രിമാർ, അതു ചെയ്യാതെ പാലം മുതൽ മൂത്രപ്പുര വരെ ഉദ്ഘാടനം ചെയ്തു നടക്കുന്നതിലെ പരിഹാസവും പ്രതിഷേധവുമായിരുന്നു ഈ കവിത. ഇന്നും പ്രസക്തമാണ് ഈ കവിത.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്ന് പരസ്പരം പോരടിച്ചപ്പോൾ അതിനെ പരിഹസിച്ച് എഴുതിയ ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിത മുതൽ ആക്ഷേപഹാസ്യം തന്റെ കവിതയുടെ ജീവവായുവായി അദ്ദേഹം തിരഞ്ഞെടുത്തു. സാധാരണ മനുഷ്യർ നേരിടുന്ന ബുദ്ധിമുട്ടുകളെയും അധികാരിവർഗത്തിന്റെ ഗർവിനെയും അദ്ദേഹം തന്റെ കവിതകളിൽ ആവാഹിച്ചു.
കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയ കവിതയാണ് ആളില്ലാ കസേരകൾ.
സർക്കാർ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചും എഴുതിയ ഈ കവിത ഏറെ പ്രശസ്തമായിരുന്നു.
ഭാര്യ സർവീസിൽനിന്ന് വിരമിച്ച ശേഷം പ്രോവിഡന്റ് ഫണ്ടിന്റെ ആവശ്യത്തിന് ഏജീസ് ഓഫീസ് കയറിയിറങ്ങേണ്ടി വന്നപ്പോഴാണ് ഈ കവിത എഴുതിയത്.
മുപ്പത് തവണയാണ് അദ്ദേഹം ഏജീസ് ഓഫീസിന്റെ പടി കയറിയിറങ്ങിയത്. സാധാരണ ഓരോ ആവശ്യത്തിനായി സർക്കാർ ഓഫീസുകളിൽ ആൾക്കാർ ചെല്ലുമ്പോൾ കിട്ടുന്ന അനുഭവം തന്നെയാണ് ഓരോ തവണയും അദ്ദേഹത്തിനും കിട്ടിയത്. ഈ അവസ്ഥയിൽ ശാരീരികവും മാനസികവുമായി തളർന്ന അദ്ദേഹം ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളിൽ ഇരുന്ന് എഴുതിയത് ഇങ്ങനെ:
‘കൈയിലെ കാശും കൊടുത്തീവിധം തേരാപ്പാരാ വയ്യെനിക്കെജീസ് ഓഫീസ് കയറുവാൻ ഭഗവാനേ……..’ സർക്കാർ ഓഫീസുകളുടെ ദുരവസ്ഥയും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയും ഓഫീസുകളിൽ ഓരോരോ കാര്യങ്ങൾക്കായി എത്തുന്ന സാധാരണ ജനങ്ങളുടെ നിസ്സഹായതയും അതിശയോക്തിയൊന്നുമില്ലാതെ ആ കവിതയിൽ പറഞ്ഞുവച്ചു. കുറെയാളുകളുടെ കണ്ണുതുറപ്പിക്കാൻ ഈ സൃഷ്ടിക്കായി. പിന്നീട് അത് വലിയ കവിതയായി പ്രസിദ്ധീകരിച്ചു. അത് ശ്രദ്ധയിൽ പെട്ട അന്നത്തെ അക്കൗണ്ടന്റ് ജനറൽ ജയിംസ് ജോസഫ് തന്റെ കീഴുദ്യോഗസ്ഥർക്കായി ഒരു സർക്കുലർ തയ്യാറാക്കി അയച്ചു. അതിന്റെ മറുപുറത്ത് ആളില്ലാക്കസേരകൾ എന്ന കവിതയും അച്ചടിച്ചിട്ടുണ്ടായിരുന്നു. ജീവനക്കാരുടെ ഹാജർ കർശനമാക്കിയായിരുന്നു സർക്കുലർ. അപേക്ഷകൾ കൃത്യസമയത്തിനുള്ളിൽ തീർപ്പാക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു, ഒരുപാട് ആളുകളുടെ പ്രശ്നങ്ങൾക്ക് അതോടെ പരിഹാരമാവുകയും ചെയ്തു. പക്ഷേ, ചില യൂണിയനുകൾ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്തിയെങ്കിലും ചെമ്മനം കുലുങ്ങിയില്ല. അതാണ് ചെമ്മനം. പിന്നെ, സാധാരണ ജനങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
പിന്നീട് സർക്കാർ ഓഫീസുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകളിലും മറ്റും ആളില്ലാക്കസേരകളെന്ന പ്രയോഗം സാധാരണമായി. പത്രലോകത്തെ തെറ്റുകുറ്റങ്ങള്‍ വിമര്‍ശന വിധേയമാക്കിയതിനെത്തുടര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഒരു മാധ്യമം ഏറെക്കാലം ചെമ്മനത്തിന്റെ കൃതികള്‍ തമസ്‌കരിച്ചിരുന്നു. ചെറുതും വലുതുമായ ഏതു ചടങ്ങിലേക്കു ക്ഷണിച്ചാലും അദ്ദേഹമെത്തും. സദസിൽ കുട്ടികളാണ് കൂടുതലെങ്കിൽ കഥ പറയും. തൃക്കാക്കരയിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു സാംസ്കാരിക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 2018 ആഗസ്റ്റ് 15 ന് അന്തരിച്ചു. തന്റെ സാമൂഹിക വിമർശനത്തിന് ശക്തി പകർന്നത് എൻ വി കൃഷ്ണവാര്യരുടെ കവിതകളാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കേരള സാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വ്വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാന കൃതികൾ: നെല്ല്, അസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ദാഹജലം, അമ്പും വില്ലും, ഒറ്റയാൾ പട്ടാളം, അക്ഷരപ്പോരാട്ടം (കവിതകൾ), ചക്കരമാമ്പഴം, നെറ്റിപ്പട്ടം, വർഗീസ് ആന (ബാലസാഹിത്യം), കിഞ്ചന വർത്തമാനം, ചിരിമധുരം, ഭാഷാതിലകം, വള്ളത്തോൾ-കവിയും വ്യക്തിയും (ലേഖനങ്ങൾ), തോമസ് 28 വയസ്സ് (ചെറുകഥാസമാഹാരം)