പത്തനംതിട്ട ജില്ലയിൽ ഓണക്കാലത്ത് ദീർഘ അവധി ആവശ്യപ്പെട്ട് മുൻകൂർ അപേക്ഷ നൽകിയ പൊലിസുകാർക്ക് ജില്ലാ പൊലിസ് മേധാവി വി അജിത് മറുപടി നൽകി. സെപ്റ്റംബർ 14 മുതൽ 18 വരെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അവധി അനുവദിയ്ക്കാൻ നിലവിലെ സാഹചര്യമനുസരിച്ച് കഴിയില്ലെന്ന് എസ് പി ഉത്തരവിട്ടു. ഓണക്കാലത്താണ് പൊലിസ് ഉദ്യോഗസ്ഥർ ദീർഘമായ അവധി ആവശ്യപ്പെടുന്നത്. ആദ്യം കുറച്ച് അപേക്ഷകൾ ലഭിച്ചെങ്കിലും പിന്നീട് അവധി അപേക്ഷകരുടെ എണ്ണം കൂടിയപ്പോഴാണ് ഉത്തരവുമായി ജില്ലാ പൊലിസ് മേധാവി എത്തിയത്.
പത്തനംതിട്ട ജില്ലയിൽ പൊലിസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്നും ഓണക്കാലം പോലെ ഒരു ആഘോഷ വേളയിൽ ഏറെപ്പേർ അവധിയിൽ പോയാൽ ജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ പ്രയാസമാകും. അതിനാൽ സെപ്റ്റംബർ 14 – 18 ആരും അവധി ആവശ്യപ്പെടേണ്ടതില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.