മൃതദേഹങ്ങൾക്ക് കാവലായി വൈത്തിരി താലൂക്ക് ആശുപത്രി

At Malayalam
1 Min Read

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് നാടും മനുഷ്യരും നടുങ്ങി നിൽക്കുമ്പോൾ ബാക്കിയായ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോണും മറ്റ് ഡോക്ടർമാരും ജീവനക്കാരും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാനുള്ള താത്കാലിക മോർച്ചറി സംവിധാനം ഒരുക്കുക എന്നത് ശ്രമകരമായിരുന്നെങ്കിലും നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങുകയായിരുന്നു ആശുപത്രി ജീവനക്കാർ.

ഒരേ സമയം ഇത്രയധികം മൃതദേഹങ്ങൾ ഒന്നിച്ച് സൂക്ഷിക്കാൻ മുന്നൂറ് സ്ക്വയർ ഫീറ്റ് വലിപ്പമുള്ള മുറി ആദ്യം തന്നെ സജ്ജീകരിച്ചു. അതിലേക്ക് ആവശ്യമായ ശീതീകരണ സംവിധാനം എയർ കണ്ടീഷൻ തൊഴിലാളി സംഘടനയായ എച്ച്.വി.എ.സി.ആറിന്റെ സഹായത്തോടെ ആശുപത്രിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കി. താപനില നാല് ഡിഗ്രി വരെ താഴ്ത്താവുന്ന രീതിയിലാണ് ശീതീകരണ സംവിധാനം.

പോസ്റ്റ്മോർട്ടത്തിന് വേണ്ടി മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് ആദ്യം തന്നെ മാറ്റി. രാവും പകലും വ്യത്യാസമില്ലാതെ ജീവനക്കാർ മോർച്ചറി പ്രവർത്തനക്ഷമമാക്കി. പോസ്റ്റുമോര്‍ട്ടം പരിശോധനക്ക് ശേഷം കവറിന് പുറത്ത് വിവരങ്ങൾ എഴുതി താത്കാലിക ശീതീകരണ മുറിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. ഒമ്പത് മൃതദേഹങ്ങളും 87 ശരീര ഭാഗങ്ങളുമാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നത്. അവിടെ നിന്നും മൃതശരീരങ്ങൾ തിരിച്ചറിയപ്പെടുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പുലർച്ചെ ഉരുൾപൊട്ടലിന്‍റെ അപായ സൂചനകൾ ലഭിച്ച നിമിഷം തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ 50 കിടക്കകളുള്ള സ്‌പെഷ്യൽ ബ്ലോക്ക് തയ്യാറാക്കി വെച്ചിരുന്നു. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുകയും അടിയന്തര സേവനത്തിന് സജ്ജരാകാൻ നിർദേശം നൽകുകയും ചെയ്തു. സ്വയം സന്നദ്ധരായ ആംബുലൻസ് ഡ്രൈവർമാരും സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു.

- Advertisement -

വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ദിനീഷ്‌ മോർച്ചറി സജ്ജമാക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. എച്ച്.വി.എ.സി.ആർ സംസ്ഥാന ജോയിന്റ് സെക്രട്ടറി അബൂബക്കർ സിദ്ധീഖ്, വയനാട് ജില്ലാ പ്രസിഡന്റ് രാജേഷ് തുടങ്ങിയവരുടെ നിർലോഭമായ സഹായം മോർച്ചറി നിർമാണത്തിന് ലഭിച്ചു

Share This Article
Leave a comment