വയനാട്ടിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. അമ്പതോളം കുട്ടികളെ മാനന്തവാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനന്തവാടിയിൽ പ്രവർത്തിയ്ക്കുന്ന ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. സ്കൂളിൽ നിന്നുള്ള ഉച്ച ഭക്ഷണം കഴിച്ച ശേഷമാണ് കുട്ടികൾക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായതെന്ന് പറയുന്നു.
സ്കൂളിൽ തന്നെ ഉണ്ടാക്കിയ സാമ്പാറും ചോറും മുട്ടയുമാണ് കുട്ടികൾ കഴിച്ചത്. സ്കൂളിൽ പഠിയ്ക്കുന്ന ഏകദേശം ആയിരത്തോളം വിദ്യാർഥികൾ ഇതേ ഭക്ഷണം തന്നെയാണ് കഴിച്ചതെന്ന് അധ്യാപകർ പറയുന്നു. അതിൽ അമ്പതോളം കുട്ടികൾക്ക് മാത്രമാണ് ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായിട്ടുള്ളത്. ഉച്ച ഭക്ഷണത്തിൽ നിന്നുണ്ടായ വിഷ ബാധയാണോ അതോ മറ്റെന്തെങ്കിലും സാധനങ്ങൾ കുട്ടികൾ കഴിച്ചിരുന്നോ എന്നത് വിശദമായി അന്വേഷിച്ചാൽ മാത്രമേ അറിയാൻ കഴിയു. കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.