ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും . നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. ബഡ്ജറ്റിനു മുന്നോടിയായി ഇന്ന് നിർമല സീതാരാമൻ സാമ്പത്തിക സർവേ ലോക്‌സഭയിൽ അവതരിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെൻ്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ നടപടികളും പുതിയ സര്‍ക്കാരിന്‍റെ ബജറ്റിലുണ്ടാകുമെന്നാണ് ഇക്കുറി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്പതി ദ്രൗപദി മുര്‍മ്മു വ്യക്തമാക്കിയത്.
2024-25 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാധാരണക്കാരുടെ മനസിലേക്കെത്തുന്നത് ആദായ നികുതി നിരക്ക് കുറയ്ക്കുമോയെന്നതാണ്. തൊട്ടുപിന്നാലെ ഏതൊക്കെ വസ്തുക്കള്‍ക്ക് വിലകൂടും, ഏതിനൊക്കെ കുറയും എന്നായിരിക്കും അന്വേഷിക്കുക. എന്തായാലും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പൊതു ജനങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തണമെന്നതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.