ഒരു വ്യക്തിയിൽ നിന്നും 63 ലക്ഷം രൂപ വായ്പയായി വാങ്ങി തിരികെ നൽകാതിരുന്ന പാലക്കാട് സ്വദേശി ആനന്ദിനെ പൊലിസ് അറസ്റ്റു ചെയ്തു. സംസ്ഥാന സർക്കാർ തനിക്ക് 64 കോടി രൂപ നൽകാനുണ്ടെന്നും അതു കിട്ടിയാൽ പണം നൽകാമെന്നുമാണ് ആനന്ദ് പണം നൽകിയ കിഷോറിനോട് പറഞ്ഞത്. ഇതിനു തെളിവായി മുഖ്യമന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും ഒപ്പിട്ട വ്യാജരേഖകളും കിഷോറിനെ കാണിച്ചു.
തനിയ്ക്കു കിട്ടാനുള്ള പണം വേഗത്തിൽ ലഭ്യമാക്കുന്നതിനായി പേയ് ടി എം വഴി പൊതുമരാമത്ത് മന്ത്രിയ്ക്ക് പണം അയച്ചു കൊടുത്തതായി വ്യാജരേഖയുണ്ടാക്കി അതും കാണിച്ചു കൊടുത്തു. സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലിസിൽ പരാതി നൽകി. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യാജസീലുകളും ഒപ്പും നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
മൊബൈൽ ഫോണിലെ ഒരു ആപ് ഉപയോഗിച്ചാണത്രേ ഇയാൾ ഈ സീലുകളും വ്യാജ രേഖകളുമൊക്കെ ഉണ്ടാക്കിയിരുന്നത്. സമാന രീതിയിൽ നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് അറിയിച്ചു