മഴയെ ഏതെങ്കിലും വിധത്തിലുള്ള ഒരു വിനോദ ഉപാധിയായി ജനങ്ങൾ കാണരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മഴയത്ത് പുറത്തിറങ്ങാനും നനയാനും മഴ ആസ്വദിച്ച് റോഡിൽ വാഹനം ഓടിയ്ക്കാനും മഴയത്ത് ജലാശയങ്ങളിൽ ഇറങ്ങി നീന്താനും കുളിയ്ക്കാനും ഒക്കെ ശ്രമിക്കുന്നവരെ ഉദ്ദേശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തം.
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ജലാശയങ്ങളിൽ മുങ്ങി പോവുന്നതാണ്. അശ്രദ്ധ കൊണ്ടു മാത്രമാണ് ഇത്തരം ദാരുണമായ അവസ്ഥ ഉണ്ടാകുന്നത്. ഇത്തരക്കാർക്കു കൂടിയുള്ള മുന്നറിയിപ്പാണ് ഇന്ന് മന്ത്രി നൽകിയത്. നാളെ വൈകീട്ട് വരെ സംസ്ഥാനത്ത് അതി തീവ്ര മഴ സാധ്യതാ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പു നൽകിയിരിക്കുന്നത്. അതിനാൽ എല്ലാ താലൂക്ക് ഓഫിസുകളും കൺട്രോൾ റൂമുകളും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളും തുറക്കാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ടും മന്ത്രി പറഞ്ഞു. കൺടോൾ റൂമുകൾ എല്ലാം തന്നെ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണ ക്കിലെടുത്ത് വേണ്ട ഇടപെടലുകൾ നടത്താൻ റവന്യൂ അധികാരികൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ രാത്രി യാത്രാ നിരോധനമടക്കം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അധികാരവും നൽകിയിട്ടുണ്ട്. മൊത്തത്തിൽ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും റവന്യൂ വകുപ്പു ഏർപ്പെടുത്തിയിട്ടുള്ളതായും ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കൂടി പാലിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.