ഓർമയിലെ ഇന്ന്, ജൂലൈ 10, ബാലഭാസ്ക്കർ

At Malayalam
5 Min Read

വയലിൻ തന്ത്രികളിൽ മാന്ത്രിക സംഗീതത്തിന്റെ മഴ പെയ്യിച്ച, ആസ്വാദകരെ ആനന്ദത്തിൻ്റെ അനന്ത വിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിച്ച പകരക്കാരനില്ലാത്ത, പാതിവഴിയിൽ നിലച്ചുപോയ
കലാകാരൻ. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന പേരിനൊപ്പം
പുതിയ തലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയായിരുന്നു. കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ ഒരു ഫ്രെയിമിൽ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജീവിതത്തോട് ഇഴചേര്‍ന്നു, ശരീരത്തിലെ ഒരവയവം എന്നപോലെ.

2018 സെപ്റ്റംബർ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ. പരേതയായ തേജസ്വിനിയാണ് മകൾ. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിൽ തന്നെയായിരുന്നു മകളുടെയും മരണം. ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽത്തന്നെ വിവാഹത്തിന് ബാലഭാസ്‌കർ തയ്യാറായി.

22-ാം വയസിൽ എം എ സംസ്‌കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം എ വിദ്യാർഥിനിയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ ബാലഭാസ്‌കർ തുടങ്ങിയ ’കൺഫ്യൂഷൻ’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളിലെ ആദ്യത്തെ മ്യൂസിക് ബാൻഡ് എന്നു പറയാം. ’കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാർ ഉൾപ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച‌് 1998 ൽ പുറത്തിറങ്ങിയ “നിനക്കായ്’ പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് തോഴി) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. ’നിനക്കായി’, ’നീ അറിയാൻ’ തുടങ്ങി അന്ന് കലാലയങ്ങളിൽ ഹിറ്റായ ആൽബങ്ങളാണ് ’കൺഫ്യൂഷൻ’ പുറത്തിറക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ ഗാനങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത
🎶 ആരു നീ എന്നോമലേ….. എന്നു തുടങ്ങുന്ന ഗാനം പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ബാലു തന്നെയാണ് പാടിയത്.

പൂജപ്പുരയിൽ വാടകവീട്ടിൽ താമസിച്ചാണ് ഫ്യൂഷൻ ഷോകൾ നടത്തിയത്. രണ്ടുവർഷം പ്രായമുള്ള ’കൺഫ്യൂഷൻ’ ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ’ദി ബിഗ് ബാന്റ്’ വീണ്ടും പിറവിയെടുത്തു. ടെലിവിഷൻ ചാനലിൽ ആദ്യമായി ഫ്യൂഷൻ പരമ്പരയോടെയാണ് ബാൻഡ് തുടങ്ങിയത്.
എത്ര സങ്കീർണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കർ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്.

- Advertisement -

‘മംഗല്യപ്പല്ലക്ക്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കുമ്പോൾ പ്രായം17. ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആൽബങ്ങൾ. എന്നാൽ വെള്ളിത്തിര ഒരിക്കലും ബാലഭാസ്കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകൾ തന്നെയായിരുന്നു ബാലുവിന്‍റെ സ്വപ്നം. യേശുദാസ്, ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖർക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകളിൽ പങ്കാളിയായി. 40 വയസ്സിനുള്ളിൽ ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു.

ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാൾ ബാന്റില്ലാതെ ’ബാലലീല’ എന്ന പേരിൽ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. ’ക്വാബോൻ കെ പരിൻഡെ’ എന്ന പേരിൽ ഹിന്ദി ആൽബവും പുറത്തിറക്കിയിട്ടുണ്ട്. കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ അറിയുന്ന ഓരോരുത്തരുടെയും മനസിൽ നോവായി മടങ്ങിയത്.

മരണശേഷം ആണ് ഓരോ മലയാളിക്കും എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തിരിച്ചറിയുന്നത്. ഇപ്പോൾ ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയപ്പോൾ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളാണ്.

1978 ജൂലൈ 10 ന് ചന്ദ്രൻ ശാന്തകുമാരി ദമ്പതികളുടെ മകനായി ജനനം. അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കരുടെ പേര് ചേർത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. അതുകൊണ്ടാണ് കുടുംബം തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിക്കുന്നത്.

അമ്മയുടെ സഹോദരൻ ബി ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്. അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരുനാഥൻ. അമ്മാവനിൽ നിന്ന് മൂന്നു വയസു മുതൽ ബാലു വയലിൻ പഠിച്ചു. 10-ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 17-ാം വയസിലാണ് ബാലഭാസ്‌കർ ’മംഗല്യപ്പല്ലക്ക്’ എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചത്.
ആറു പാട്ടുകളാണ് ആ സിനിമയ്ക്കു വേണ്ടി കമ്പോസ് ചെയ്തത്. പിന്നീട് രാജീവ്‌നാഥിന്റെ ’മോക്ഷം’, രാജീവ് അഞ്ചലിന്റെ ’പാട്ടിന്റെ പാലാഴി’ എന്നീ സിനിമകളുമായും സഹകരിച്ചു. പാട്ടിന്റെ പാലാഴിയിൽ പശ്ചാത്തല സംഗീതം ഒരുക്കിയതിനു പുറമെ അഭിനയിക്കുകയും ചെയ്തു. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ലഭിച്ചിട്ടുണ്ട്. എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോൾ അനാഥമായത് അക്ഷരാർഥത്തിൽ വയലിൻ സംഗീതമാണ്.
ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ഒക്ടോബർ രണ്ട് കലാലോകത്തിന് കണ്ണീർ ഓർമകളുടെ ദിനമാണ്. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25 ന് കേരളം ഉണർന്നത്. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചു. ബാലഭാസ്കറിനെ കുറിച്ച് എഴുതിയും പറഞ്ഞും ഇനിയും മതിയായില്ലേ എന്നു ചോദിക്കുന്നവരോട് ഒരു ഉത്തരമേ പ്രിയപ്പെട്ടവർക്കുള്ളൂ. ‘ഇല്ല… ഒരു ജൻമത്തിന്റെ ഓർമകൾ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓർമകൾക്കു മരണമില്ല’.
മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്ന ‘നിനക്കായ്’ എന്ന ആൽബത്തിലെ വരികൾ ഇപ്പോൾ അദ്ദേഹത്തോട് തിരിച്ചുചൊല്ലുകയാണ്; ആസ്വാദകലോകം. വരും ജന്മത്തിലും നിന്റെ ഗാനങ്ങൾക്കായി കാതോർത്തിരിക്കാമെന്ന്. അത്രമേൽ ആർദ്രമായി, ലളിതമായി, ഹൃദയസ്‌പർശിയായി സംഗീതസംവിധാനമൊരുക്കിയാണ് ബാലഭാസ്‌കർ എന്ന അതുല്യപ്രതിഭ മലയാളമനസിൽ ഇടംനേടിയത്. ചെറുപ്രായത്തിൽ വരികൾക്കുമേൽ സംഗീതത്തിന്റെ, ഈണത്തിന്റെ മാന്ത്രികസ്പർശം തുന്നിച്ചേർത്ത സംഗീതസംവിധായകനെയാണ് അകാലത്തിൽ നഷ്‌ട‌മായത്.

Share This Article
Leave a comment