തിരുവനന്തപുരത്തെ കോവളത്തുനിന്ന് ദാരുണമായ ഒരു വാർത്തയുണ്ട്. ഭാര്യ അർബുദം ബാധിച്ച് മരിച്ച 50 കാരനായ സാബുലാൽ ഭാര്യയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭാര്യാ മാതാവായ ശ്യാമളയെയാണ് സാബുലാൽ പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നത്.
ക്യാൻസർ ബാധമൂലം സാബു ലാലിൻ്റെ ഭാര്യ റീന കഴിഞ്ഞ മാസം മൂന്നാം തീയതി മരണമടഞ്ഞു. കൃത്യം 30 ദിവസം എത്തിയപ്പോഴേക്കുമാണ് സാബു ലാൽ ഇങ്ങനെ ഒരു അവിവേകം കാണിച്ചത്. ഭാര്യയുടെ മരണശേഷം അസ്വസ്ഥനായിരുന്നു സാബുലാൽ. കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോട്ടോയും ഒരു ഓർമക്കുറിപ്പും ഫെയ്സ് ബുക് പേജിൽ സാബുലാൽ പങ്കു വച്ചിരുന്നു.
കൊലപാതകത്തിനും ആത്മഹത്യക്കും മുമ്പേ പുലർച്ചെ തൻ്റെ ഒരു ബന്ധുവിന് സാബു ലാൽ ആത്മഹത്യ കുറിപ്പ് വാട്സ് ആപ്പിൽ അയച്ചിരുന്നു. അമ്മയെ കൂടി കൂടെ കൊണ്ടുപോകുന്നതായും അതിൽ പറഞ്ഞിരുന്നു. സാബു ലാലിൻ്റെ ഒരു അടുത്ത സുഹൃത്തിൻ്റെ വാട്സ് ആപ്പിൽ ലഭിച്ച ഈ സന്ദേശത്തെ തുടർന്ന് വീട്ടു ജോലിക്കാരിയെ പെട്ടന്ന് സാബു ലാലിൻ്റെ വീട്ടിലെത്താൻ പറഞ്ഞു. അവർ എത്തിയപ്പോഴേക്കും ശ്യാമളയെ കൊല്ലപ്പെട്ട നിലയിലും സാബു ലാലിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്കു മാറ്റി.