അമ്മയുടെ രണ്ടാനച്ഛൻ മൂന്നു വയസുകാരൻ്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു പൊള്ളലേൽപ്പിച്ചതായി പരാതി. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവിൽ താമസിക്കുന്ന ദമ്പതികൾ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പോകുന്നതിനാൽ മൂന്നു വയസുള്ള കുട്ടിയെ അമ്മയുടെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് പോയത്.
മാതാപിതാക്കൾ പോയതിനു ശേഷമാണ് കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛൻ കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ചത്. വാവിട്ടു നിലവിളിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇവർ തയ്യാറായതുമില്ല. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രക്ഷകർത്താക്കളെ വിവരമറിയച്ചതിനെ തുടർന്ന് അവർ മടങ്ങി എത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോവുകയായിരുന്നു. ആശുപത്രി ജീവനക്കാർ ചൈൽഡ് ലൈനിൽ വിവരമറിയച്ചതിനെ തുടർന്ന് പൊലിസെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.