വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. തോൽപ്പെട്ടി 17 എന്നു പേരുള്ള 10 വയസ് പ്രായമുള്ള ആൺ കടുവയാണിത്. കേണിച്ചിറ എടക്കാട് ജനവാസ മേഖലയിൽ പലയിടത്തായി ഈ കടുവയെ കണ്ടതായി പരിസരവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു പശുവിനെ ആക്രമിച്ച് കൊന്നിരുന്നു. കടുവയെ പിടി കൂടാൻ വനം വകുപ്പ് സ്ഥാപിച്ച കൂടിനു സമീപത്തും കടുവ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു ദിവസം കടുവ പ്രദേശത്ത് എത്തിയിരുന്നു. ആദ്യ ദിവസമാണ് പശുവിനെ കൊന്നത്. രണ്ടാം ദിവസം പശുവിൻ്റെ മാംസം ഭക്ഷിക്കാനായി വീണ്ടും വന്നു.
വനം വകുപ്പ് ജീവനക്കാരുടെ സമീപത്തും കടുവ എത്തിയിരുന്നു. കൂടു സ്ഥാപിക്കുന്നതിനായി ചെന്ന ഉദ്യോഗസ്ഥരുടെ സമീപത്താണ് കടുവ എത്തിയത്. വൈകാതെ കടുവ കൂട്ടിൽ കുടുങ്ങുമെന്നാണ് വനം വകുപ്പ് പറയുന്നത്