യാത്രക്കാരുമായി റൂട്ടിലോടിയ സ്വകാര്യ ബസിനെ പോകാൻ അനുവദിക്കാതെ മുന്നിൽ കാറോടിച്ചതിന് കാറിലുണ്ടായിരുന്നവർ 25,000 രൂപ പിഴ അടയ്ക്കണം. എറണാകുളം ആർ ടി ഒയാണ് അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ പിഴയിട്ടത്. പൊതു ഗതാഗതവും നാട്ടുകാരുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുത്തിയതിനാണ് പിഴയിട്ടത്.
എറണാകുളം – കാക്കനാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന് അന്യായമായി കാർ യാത്രികർ തടസമുണ്ടാക്കുകയായിരുന്നു. ബസിൻ്റെ മുമ്പിൽ കാർ കയറ്റി വളരെ വേഗത കുറച്ച് സൈഡ് കൊടുക്കാതെയാണ് ഇവർ കാർ ഓടിച്ചത്. എറണാകുളം സ്വദേശി റിനോയ് ആണ് പിഴ ഒടുക്കേണ്ടത്. ചില ട്രാഫിക് സിഗ്നലുകളിൽ റിനോയിയും കാറിലുണ്ടായിരുന്ന അയാളുടെ സുഹൃത്തും ബസ് പോകാൻ അനുവദിക്കാതെ തടഞ്ഞിട്ടതായും പരാതിയുണ്ടായി.
ബസിൻ്റെ മുമ്പിൽ കാറുമായി ഇവർ നടത്തിയ അഭ്യാസ പ്രകടനത്തിനിടയിൽ ബസ് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. റിനോയിയും സുഹൃത്തും ചേർന്ന് ബസ് ഡ്രൈവർ നവാസിനെ ഇതിനെ തുടർന്ന് മർദിക്കുകയും ചെയ്തു. ബഹളത്തിനിടയിൽ അവിടെ എത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് സംഭവത്തിൽ ഇടപെടുകയും ബസിലെ യാത്രക്കാരും പുറത്തെ ദൃക്സാക്ഷികളുമായി സംസാരിച്ച് വാഹനങ്ങൾ പരിശോധിച്ച് എറണാകുളം ആർ ടി ഒ ക്ക് റിപ്പോർട്ടു നൽകുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിലാണ് കാർ യാത്രികർക്കെതിരെ ആർ ടി ഒ നടപടി എടുത്തത്.