കൊല്ലത്തെ തീര പ്രദേശത്ത് നേരത്തേ എണ്ണ ശേഖരം കണ്ടെത്തിയിടത്ത് എണ്ണ ഖനനത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പെട്രോളിയം മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന രീതിയിലുള്ള വികസനം ‘നടപ്പിലാക്കാൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നും മന്ത്രി. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ തനിക്കു കഴിയുന്നതൊക്കെ ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെ ഓഫിസിലെത്തി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരിച്ച ഉത്തരവാദിത്തം തനിക്കുണ്ടനും വോട്ടു ചെയ്തു വിജയിപ്പിച്ച തൃശൂരിലെ ജനങ്ങളോട് നന്ദി പറയുന്നതായും സുരേഷ് ഗോപി പറഞ്ഞു. ഓരോ വിഷയവും കൃത്യമായി മനസിലാക്കി ആയിരിക്കും താൻ കാര്യങ്ങളെ സമീപിക്കുന്നതെന്നും തൻ്റെ ചുമതലകളിൽപ്പെട്ട വകുപ്പുകളിൽ തൻ്റേതായ സംഭാവനകൾ പൂർണമായും ചെയ്യാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി.
ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിൽ ചുമതലയേൽക്കാൻ എത്തിയ സഹ മന്ത്രിയെ കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി ഹർദീപ് സിംഗ് പുരി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിനോദ സഞ്ചാരം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ കൂടി സഹമന്ത്രിയാണ് സുരേഷ് ഗോപി.