രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈ പിടിക്കണ്ട

At Malayalam
2 Min Read

സമൂഹമാധ്യമങ്ങളിലും മറ്റും രംഗണ്ണനും അമ്പാനുമാണ് ഇപ്പോൾ താരങ്ങൾ. ആരെയെങ്കിലും രണ്ടു പറയാൻ രംഗണ്ണനും അമ്പാനും വേണം, തള്ളാനും അവർ തന്നെ വേണം, ഇനി ട്രോളണമെങ്കിലും അവർ കൂടിയേ തീരു എന്നതാണ് അവസ്ഥ. ആവേശം സിനിമ ഉണ്ടാക്കിയ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നതാണ് ഇതിനു പിന്നിൽ.

വിവിധ സർക്കാർ വകുപ്പുകൾക്ക് ബോധവത്ക്കരണം നടത്താനും രംഗണ്ണനും അമ്പാനും മുൻ നിരയിലുണ്ട്. ആരോഗ്യ, പൊലിസ് വകുപ്പുകൾ നേരത്തേ തന്നെ ഇവരെ രണ്ടു പേരെയും കഥാപാത്രങ്ങളാക്കി ബോധവത്ക്കരണ പോസ്റ്ററുകൾ നിർമിച്ചിരുന്നു. അതൊക്കെ ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു.

എന്നാൽ ഇക്കൂട്ടത്തിൽ, സ്കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പും ഒരു പോസ്റ്റർ തയ്യാറാക്കിയിരുന്നു. കഥാപത്രങ്ങൾ രംഗണ്ണനും അമ്പാനും തന്നെ. ഇരുവരും കുട്ടികളുടെ കൈയും പിടിച്ച് സ്കൂളിലേക്ക് നടക്കുന്നതാണ് ഇതിവൃത്തം. പക്ഷേ സംഗതി കയറി വിവാദമായി. ഈ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രമുഖ മനോരോഗ ചികിത്സകനായ ഡോ. സി ജെ ജോൺ അദ്ദേഹത്തിൻ്റെ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പിട്ടു. പിന്നാലെ വനിത ശിശു ക്ഷേമ വകുപ്പ് പോസ്റ്റർ പിൻവലിക്കുകയും പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കു വക്കുകയും ചെയ്തു. ഇതിനെ ഡോ. സി ജെ ജോൺ അഭിനന്ദിക്കുകയും ചെയ്തു. രണ്ടു പോസ്റ്ററുകളും നിലവിൽ പലരും ഷെയർ ചെയ്യുന്നു എന്നതാണ് വസ്തുത.

ഡോ. സി ജെ ജോണിന്റെ കുറിപ്പിലെ പ്രസക്തഭാകങ്ങൾ ചുവടെ

- Advertisement -

‘യുവ പ്രേക്ഷകരുടെ മനം കവരാന്‍ പോന്ന വിധത്തില്‍ അടിയും കുടിയും പുകവലിയുമൊക്കെ മാന്യവത്കരിക്കുന്ന കാര്‍ട്ടൂണ്‍ പരിവേഷം ചാര്‍ത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും. ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയായായി ഇത്. ജനപ്രിയതയെ മാത്രം മുന്‍നിര്‍ത്തിയാകരുത് കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകള്‍. കോപ്പി ക്യാറ്റ് പ്രവണത കൂടുതലുള്ള വിഭാഗമാണവര്‍. അവരുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ഉപദേശകരുടെ കുപ്പായം നല്‍കി ഈ കഥാപാത്രങ്ങളെ ഇറക്കിവിട്ടവര്‍ സിനിമ ഒന്നു കൂടി കാണുക. ഇവര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റേറ്റിങ് ശ്രദ്ധിക്കുക. നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികള്‍ സോഷ്യല്‍ ലേണിങ് തിയറി പ്രകാരം കുട്ടികളില്‍ ചെയ്യാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കുക. ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീര്‍പ്പിടാം.

Share This Article
Leave a comment