ഡൽഹി വിവേക് വിഹാറിലെ ബേബി കെയർ ന്യൂ ബോൺ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിലായി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഗ്നിബാധയിൽ ഏഴു കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. പൊള്ളലേറ്റ ആറു കുഞ്ഞുങ്ങൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
നരഹത്യയടക്കമുള്ള ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് രാത്രി 12 മണിയോടെയാണ് ആശുപത്രിയിൽ തീ പിടിത്തമുണ്ടായത്. വളരെ വേഗം തീ പടർന്നുപിടിക്കുകയും ചെയ്തു. നിരവധി കുട്ടികളെ അഗ്നിശമന സേനാ വിഭാഗവും പൊലിസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.