ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടെത്തിയ കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ മകളായ 12 വയസുള്ള പെൺകുട്ടിയെയാണ് അങ്കമാലി റയിൽവേ സ്റ്റേഷനു സമീപത്തു നിന്നു കണ്ടെത്തിയത്. ഈ സ്ഥലത്തും അതിഥി തൊഴിലാളികൾ തന്നെയാണ് താമസിക്കുന്നത്.
കുട്ടിയെ നഷ്ടപ്പെട്ട് ആറു മണിക്കൂറിനുള്ളിലാണ് പൊലിസിന് പ്രതികളെ പിടിക്കാനായത്. തട്ടിക്കൊണ്ടു പോയവർ ഫോണിൽ കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ടതാണ് പ്രതികളെ പിടിയ്ക്കാൻ പൊലിസിനു സഹായമായത്. കുട്ടി തങ്ങൾക്കൊപ്പമുണ്ടന്ന് പറഞ്ഞാണ് ഇവർ പിതാവിനെ ഫോണിൽ വിളിച്ചത്. ഈ നമ്പറിൽ വിളിച്ചാണ് പൊലിസ് ഇവരെ പിടി കൂടിയത്.
വൈകീട്ട് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ 12 കാരി ഏറെ വൈകിയും തിരികെ വരാഞ്ഞപ്പോഴാണ് രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയതും പൊലിസിൽ പരാതിപ്പെട്ടതും. ബംഗാൾ സ്വദേശികളായ കുടുംബം ആലുവ എടയപ്പുറത്താണ് താമസിയ്ക്കുന്നത്.