ഭിന്ന ശേഷിക്കാരനായ മകനെച്ചൊല്ലി മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ അമ്മ കുട്ടിയെ മുതലകൾക്ക് തിന്നാനെറിഞ്ഞു കൊടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കനാലിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തു. കർണാടകയിലാണ് അത്യന്തം ദാരുണമായ ഈ സംഭവം നടന്നത് . പൊലീസ് ചോദ്യം ചെയ്തപ്പോൾ 26 കാരിയായ മാതാവ് കാര്യങ്ങൾ തുറന്നു പറഞ്ഞു.
ദമ്പതികൾക്ക് രണ്ട് ആൺ കുട്ടികളാണ് . മൂത്ത കുട്ടി ഭിന്ന ശേഷിക്കാരനാണ് . ഇങ്ങനൊരു കുട്ടിയ്ക്ക് എന്തിന് ജന്മം കൊടുത്തു വെന്നും വല്ല പുഴയിലും വലിച്ചെറിഞ്ഞുകൂടെ എന്നും ഭർത്താവായ രവികുമാർ അമ്മ സാവിത്രിയോട് സ്ഥിരമായി ദേഷ്യത്തോടെ പറയുകയും കുട്ടിയെച്ചൊല്ലി നിരന്തരം വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. നിരന്തരമായ വഴക്കിൽ മനം മടുത്ത സാവിത്രി കുട്ടിയേയുമെടുത്ത് പുറത്തു പോവുകയും ചെയ്തു.
പുറത്തു പോയ മാതാവ് മുതലകൾ നിറഞ്ഞുകിടക്കുന്ന മാലിന്യ കനാലിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു . കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലിസ് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി . മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട് . മുതലകൾ കടിച്ചെടുത്തതാകാം എന്ന് പൊലിസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. ഇവർക്ക് രണ്ടു വയസു പ്രായമുള്ള ഒരു ആൺകുട്ടി കൂടിയുണ്ട്.