ജാക്കി ചാൻ എന്ന പേരിനൊപ്പം മനസിലേക്ക് കയറി വരുന്ന മറ്റൊന്നു കൂടിയുണ്ട് . കുങ്ഫു . കുങ്ഫു എന്ന ആയോധനകല ലോകം മുഴുവൻ ഇത്ര ജനകീയമായതിനു പിന്നിൽ ജാക്കിചാനും അദ്ദേഹത്തിന്റെ സിനിമകളും വഹിച്ച പങ്ക് നിസ്തുലമാണ് . അത്രയ്ക്കങ്ങ് അറിയപ്പെടാതെ ഒതുങ്ങി നിന്നു പോയ ഒരു ആയോധനകല , ലോകം മുഴുവൻ തിരിച്ചറിഞ്ഞത് ജാക്കിയുടെ സിനിമകളിലൂടെയാണ്. ജാക്കി ചാൻ സിനിമയിലെത്തിയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു . ആക്ഷൻലോകം ഇഫക്റ്റുകളുടെയും ഗ്രാഫിക്‌സുകളുടേയും മായാജാലത്തിൽ കൊടികുത്തി വാഴുകയാണിന്ന് . എന്നിരുന്നാലും അന്നത്തെ തലമുറ മുതൽ ഇന്നത്തെ ന്യൂജൻകാർക്കുവരെ കുങ്ഫു മാസ്‌ററർ എന്നും ജാക്കി ചാൻ തന്നെ . 1954 ഏപ്രിൽ 7ന് ഹോങ്കോങിലെ ചാൻ കോങ്-സാങിലാണ് ജാക്കി ജനിക്കുന്നത് . ചൈനീസ് സിവിൽ വാറിലെ അഭയാർത്ഥികളായാണ് ജാക്കിയുടെ അച്ഛൻ ചാൾസും അമ്മ ലീ ലീ ചാനും ഹോങ്‌കോങിലെത്തുന്നത്. ജാക്കിചാന് ആറു വയസ്സായപ്പോഴേക്കും ഇവർ ഓസ്‌ട്രേലയയിലേക്ക് താമസം മാറി . ഇവിടുത്തെ ചൈനീസ് ഓപറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജാക്കി വിദ്യാഭ്യാസം തുടങ്ങിയത് . ഇവിടെ നിന്നാണ് ആയോധനകലകളിൽ ജാക്കി പരീശീലനം നേടുന്നതും. ജിം യുവാൻ എന്ന മാസ്റ്ററിന്റെ കീഴിലായിരുന്നു പഠനം.
ആയോധനകലകളിൽ അതീവ താത്പര്യം ഉണ്ടായിരുന്നതു കൊണ്ട് കരാട്ടെ , ജൂഡോ , തയ്ക്വാണ്ടോ , ജീത് കുനെ ഡോ തുടങ്ങിയവയിലും ജാക്കി പരിശീലനം നേടി . ഇതോടൊപ്പം നാടകം , അക്രോബാറ്റിക്‌സ് , സംഗീതം എന്നിവയും പഠിച്ചു. അതുകൊണ്ടാവും ആയോധനകലയെ തന്റേതായ ശൈലിയിൽ രസകരമാക്കി ആകർഷകമാക്കാൻ ജാക്കി ചാന് ആയത്.
എട്ടാം വയസ്സിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് . പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ . എന്നാൽ അവയെല്ലാം സംഗീതത്തിന് പ്രധാന്യം നൽകിയവയായരുന്നു , 1972 ൽ ആണ് ഫിസ്റ്റ് ഓഫ് ഫറി എന്ന സിനിമയിലൂടെ ജാക്കി ചാന്റെ ആക്ഷൻ പ്രേക്ഷകർ കാണുന്നത് . ചൈനീസ് സിനിമയിലെ അതികായകൻ ബ്രൂസ് ലീയായിരുന്നു ആ സിനിമയിലെ നായകൻ.
1973 ൽ ബ്രൂസ് ലീയുടെ അപ്രതീക്ഷിത മരണത്തോടെയാണ് ജാക്കിചാന് സിനിമയിൽ ബ്രേയ്ക്ക് ലഭിക്കുന്നത്.
ലീയുടെ സിനിമകളുടെ സംവിധായകനും നിർമ്മാതാവുമായ
ലൂ വെയുടെ സിനിമകളിലൂടെയായിരുന്നു അത് . എന്നാൽ ആദ്യം ലീയുടെ ശൈലിയുടെ ഒരു പ്രതിബിംബം മാത്രമായിരുനു ജാക്കി ചാന്റെ സിനിമകളിലധികവും . ഇത് തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ സിനിമകളിൽ തൻറേതായ ശൈലി കൊണ്ടുവരാൻ തുടങ്ങി . 1978 ൽ പുറത്തിറങ്ങിയ സ്‌നേക്ക് ഇൻ ദ ഈഗിൾസ് ഷോ യഥാർത്ഥ ജാക്കി ചാൻ സിനിമായുഗത്തിലെ ആദ്യ സിനിമയായിരുന്നു . കുങ്ഫു കോമഡി എന്നൊരു പുതിയ ആക്ഷൻ കോമഡി രീതീയാണ് പിന്നെ ഉദയം കൊണ്ടത് . ഡ്രങ്കൺ മാസ്റ്റർ (1978) , ഫിയർലെസ് ഹൈന(1979) , ഹാഫ് എ ലോഫ് ഓഫ് കുങ് ഫു ,ദ യങ് മാസ്റ്റർ എന്നിവ ജാക്കി ചാന്റെ താരപ്രഭ അപ്പാടെ മാറ്റി . അതോടെ ഹോങ് കോങിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായി ജാക്കി മാറി . ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട നടന്മാരിലൊരാളായി മാറി അദ്ദേഹം . സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിച്ചതോടെ അഭിയത്തോടൊപ്പം അതിന്റെ സമസ്ത മേഖലകളിലും അദ്ദേഹം കൈ വച്ചു . ചില സിനിമകളിൽ പാടുകയും ചെയ്തതോടെ ആഗോളതലത്തിൽ അദ്ദേഹം ശ്രദ്ധ നേടി .
ഇതിനിടെ ഹോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോൽവിയായിരുന്നു ഫലം . ഹോളിവുഡിൽ ബിഗ് ബ്രൗൾ (1980) , കാനൻ ബാൾ റൺ (1982) എന്നീ ചിത്രങ്ങളിലാണ് പരീക്ഷണം നടത്തിയത് . കാനൻ ബോൾ റണിൽ ചെറിയ വേഷമായിരുന്നു ഇദ്ദേഹത്തിന് . എന്നാൽ അവിടെ ബ്രട് റെനോൾഡ്‌സ് പോലുള്ള നായകരെയൊന്നും പിന്തള്ളാൻ ഇദ്ദേഹത്തിനായില്ല .
ഹോങ്കോങിലേക്ക് തിരിച്ചെത്തിയതോടെ 1980 കൾ ജാക്കിയുടെ ഭാഗ്യ വർഷങ്ങളായി . പതുക്കെ പതുക്കെ ജപ്പാനിലും അദ്ദേഹത്തിന് താരമൂല്യം കൈവന്നു .
ആക്ഷൻ സീനുകൾ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന ജാക്കിചാന് ഒരോ ചിത്രീകരണം കഴിയുമ്പോഴും ഏറ്റവും ചുരുങ്ങിയത് രണ്ട് സാരമായ പരിക്കുകൾ സ്ഥിരമായി സംഭവിക്കുമായിരുന്നു . 1986 ൽ ആർമർ ഓഫ് ഗോഡ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 40 അടി പൊക്കമുള്ള കെട്ടിടത്തിൽ നിന്ന് വീണ് തലയോട്ടിയ്ക്ക് മാരകമായ പരിക്കു പറ്റിയിരുന്നു . അത്യധികം അപകടം നിറഞ്ഞ ആക്ഷൻ സീനുകൾ ഉള്ളതിനാൽ പരിക്കു പറ്റുമെന്ന് ഉറപ്പായിരുന്നു . ഇക്കാരണത്താൽ തന്നെ സ്റ്റണ്ട് അസോസിയേറ്റ്‌സിന് ഇദ്ദേഹത്തോടപ്പം സിനിമ ചെയ്യാൻ മടിയായിരുന്നു . ആ പ്രശ്‌നം പരിഹരിക്കാൻ ജാക്കി ചാൻ സ്വന്തമായി സ്റ്റണ്ട് അസോസിയേഷൻ രൂപീകരിച്ചു . അവരെ പരിശീലിപ്പിക്കുന്നതും അവരുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നതും ജാക്കി ചാനായിരുന്നു.
1990 ആയപ്പോഴേക്കും ജാക്കിയുടെ ചിത്രങ്ങൾ ലോകമെമ്പാടും പ്രത്യേകിച്ച് അമേരിക്കൻ പ്രേക്ഷകരുടെ മനം കവർന്നു .1996 ൽ ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയും ന്യൂ ലൈൻ സിനിമയും ഒന്നിച്ച് റീലീസ് ചെയ്ത ജാക്കിയുടെ റമ്പിൾ ഇൻ ദ ബ്രോൻക്‌സ് 10 മില്യൺ യു എസ് ഡോളറാണ് ആദ്യ ആഴ്ചയിൽ കളക്റ്റ് ചെയ്തത്.
2000 ൽ ഇദ്ദേഹത്തിന്റെ റഷ് അവർ-2 എന്ന ചിത്രം 15 മില്യൺ ഡോളറിലധികം കളക്റ്റ് ചെയ്തു . 2003 ൽ ജാക്കി ചാൻ എംപറർ മൂവീസ് ലിമിററ്ഡ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയ്ക്ക് കൂടി അദ്ദേഹം രൂപം കൊടുത്തു . അതിനുശേഷം വന്ന ന്യൂ പൊലീസ് സ്‌റ്റോറി ( 2004) , ദ മിത്ത് (2005) , റോബ് ബി ഹുഡ് എന്നിവയും വമ്പൻ ഹിറ്റുകളായി . ഹിറ്റായ സിനിമകളുടെ ഒന്നും രണ്ടും ഭാഗത്തിനായി പ്രേക്ഷകർ കാത്തിരുന്നു . അതിനുദാഹരണമാണ് 2007 ൽ പുറത്തിറങ്ങിയ റഷ് അവറിൻ്റെ മൂന്നാം ഭാഗം . 255 മില്യൺ യു എസ് ഡോളറാണ് ആ ചിത്രം നേടിയത് . ജാക്കി ചാന്റെ നൂറാമത്തെ സിനിമയായ 1911 , 2011 സെപ്തംബർ 26 നു റിലീസ് ചെയ്തു . സംവിധാനവും ജാക്കി തന്നയായിരുന്നു . 2012 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ച് താൻ സിനിമയിൽ നിന്നു വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയെങ്കിലും പൂർണ്ണമായി വിരമിക്കില്ലെന്ന പിന്നീട് തിരുത്തി .
സിനിമയ്ക്കും കോമഡിയ്ക്കുമപ്പുറം ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് ഈ ആക്ഷൻ ഹീറോ . താൻ മരിക്കുമ്പോൾ സ്വത്തിന്റെ പകുതിഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട് .