മുംബൈ ഇന്ത്യന്‍സ് നായകനായുള്ള തിരിച്ചു വരവ് ആഘോഷിക്കാന്‍ പഴയ തട്ടകമായ അഹമ്മദാബാദിലെത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് അത്ര സുഖകരമായ അനുഭവമല്ല നേരിടേണ്ടി വന്നത്. ഇരട്ട പ്രഹരമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ പോരില്‍ ഹര്‍ദികിനു നേരിടേണ്ടി വന്നത്.
ഒന്ന് ടീമിന്റെ തോല്‍വി. രണ്ട് ഗുജറാത്ത് ആരാധകരുടെ തുടര്‍ച്ചയായ കൂവലും കമൻ്റുകളും.
ടോസ് ചെയ്യാന്‍ ഇറങ്ങിയതു മുതല്‍ ഹര്‍ദികിനു നേരെ ആരാധകര്‍ കൂക്കി വിളി തുടങ്ങി. അദ്ദേഹം ബൗള്‍ ചെയ്യാന്‍ എത്തിയപ്പോഴെല്ലാം ആരാധകര്‍ കൂക്കി വിളി തുടര്‍ന്നു. ഫീല്‍ഡിങില്‍ പിഴവുകള്‍ സംഭവിച്ചപ്പോഴും ഗുജറാത്ത് ആരാധകര്‍ മുന്‍ നായകനെ വെറുതെ വിട്ടില്ല.
മത്സരത്തിനിടെ ഒരു നായ ഗ്രൗണ്ടില്‍ ഓടുന്നുണ്ടായിരുന്നു. ആ നായയുടെ ഓട്ടത്തിന്റെ താളത്തില്‍ ഹര്‍ദിക്, ഹര്‍ദിക് എന്ന വിളികളും ഗ്രൗണ്ടില്‍ മുഴങ്ങി.
ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ സീസണില്‍ തന്നെ കിരീടം സമ്മാനിച്ച, രണ്ടാം സീസണില്‍ രണ്ടാം സ്ഥാനത്തെത്തിച്ച നായകനാണ് ഹര്‍ദിക്. ഈ സീസണ് തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ഹര്‍ദിക് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയത്. പിന്നാലെ മുംബൈ രോഹിതിനെ വെട്ടി ഹര്‍ദികിനെ നായകനാക്കുകയും ചെയ്തു. മുംബൈ ആരാധകരെ പോലും ഈ നടപടി ചൊടിപ്പിച്ചിരുന്നു.