മലയാളത്തിൻ്റെ മഹാ നടൻ ജോസ് പ്രകാശിന്റെ 12-ാം ചരമവാർഷികം.മലയാളത്തിലെ നിത്യഹരിത വില്ലന്‍ എന്ന പട്ടം ചാര്‍ത്തിക്കിട്ടിയ… കോട്ടയംകാരനായ കുന്നേല്‍ ബേബിജോസഫ് എന്ന ജോസ് പ്രകാശ്.
പ്രതിനായക കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച,ഡയലോഗുകളിൽ ഇംഗ്ലീഷ് കൂട്ടിക്കലർത്തിയിട്ടുള്ള വേറിട്ട ശൈലിയും ജോസ് പ്രകാശിൻ്റെ മാത്രം പ്രത്യേകതകളായിരുന്നു. ഇപ്പോഴും മിമിക്രി വേദികളിൽ സൂപ്പർ ഹിറ്റ് ആണ് ആ ശൈലി. മുതലകള്‍ക്ക് തീറ്റ കൊടുക്കുമ്പോഴുള്ള ജോസ് പ്രകാശിന്റെ ആ സംഭാഷണം ഇന്നും ട്രോളന്മാരുടെ ഇടയിലെ ഹൈ വോള്‍ട്ടേജ് ഐറ്റമാണ്. അമ്പതിലേറെ വര്‍ഷത്തെ അഭിനയ സപര്യയില്‍ മുന്നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
1925 ഏപ്രില്‍ 14 ന് ഒരു വിഷുദിനത്തിൽ കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടേയും മകനായി ചങ്ങനാശ്ശേരിയിലാണ് ജനിച്ചത്. പിതാവ് ജോസഫ് കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്നു.
മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോർജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേർ. സഖറിയയാണ് പിന്നീട് നിർമാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനും. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ബേബിയുടെ പഠനം. നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുന്‍പേ പട്ടാളത്തിലായിരുന്നു. 1942 ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ചേര്‍ന്നു. ലാന്‍സ് നായിക് ആയിട്ടായിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിലായിരുന്നു. 65 രൂപയായിരുന്നു മാസശമ്പളം. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിംഗപ്പൂര്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. പിന്നീടാണ് നാടകത്തിലേക്ക് ചുവടു മാറ്റുന്നത്. പട്ടിണിപ്പാവങ്ങൾ, പോലീസ് സ്റ്റേഷൻ, സാത്താൻ ഉറങ്ങുന്നില്ല, രണ്ടു തെണ്ടികൾ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയം നാഷണൽ തിയേറ്റേഴ്സ് എന്ന നാടക സമിതി രൂപീകരിച്ചു. പാലായിലെ ഐക്യകേരള നാടകസമിതിയിലും പ്രവർത്തിച്ചിരുന്നു.
പാട്ടു പാടാന്‍ വന്ന് വില്ലനായ ചരിത്രമാണ് ജോസ് പ്രകാശിനുള്ളത്. 1953 ല്‍ റിലീസായ ശരിയോ തെറ്റോ എന്ന സിനിമയില്‍ ഗായകന് ആയിട്ടായിരുന്നു തുടക്കം. കോട്ടയം തിരുനക്കര മൈതാനത്തു വെച്ച് അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാനിടയായ തിക്കുറിശ്ശി അദ്ദേഹത്തെ സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തിക്ക് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ തിക്കുറിശ്ശി സംവിധാനം
ചെയ്ത ശരിയോ തെറ്റോ എന്ന സിനിമയില്‍ പി ലീലയോടൊപ്പം ആദ്യ ഗാനം പാടി. ശീര്‍ഷകഗാനം ഉള്‍പ്പടെ അഞ്ചു പാട്ടുകള്‍ പാടി. ഗ്രാമഫോണ്‍ റെക്കോഡിലാണ് ആദ്യമായി ജോസഫിന് പകരം ജോസ് പ്രകാശ് എന്ന പേര് അച്ചടിച്ചുവന്നത്.
യഥാർഥ പേരായ ജോസഫ് എന്നത് നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആല്‍ഫോണ്‍സ്, അവന് വരുന്നു തുടങ്ങി അറുപതോളം സിനിമകളില്‍ ജോസ് പ്രകാശ് പാടിയിട്ടുണ്ട്. കുറേ സിനിമകളില്‍ പ്രേംനസീറിനും സത്യനും ശബ്ദം നല്കി ഡബിംഗ് ആര്‍ട്ടിസ്റ്റിന്റെ റോളിലുമെത്തിയിട്ടുണ്ട്.
1968 ൽ ലവ് ഇന്‍ കേരള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വില്ലനായി അഭിനയിച്ചത്. അതുവരെ കൊമ്പന് മീശയും കവിളത്ത് കറുത്ത മറുകും ചുവന്ന കണ്ണുകളുമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമയിലെ സ്ഥിരം വില്ലന്മാരില് നിന്നും വ്യത്യസ്തനായിരുന്നു ജോസ് പ്രകാശ്. തുടര്‍ന്നങ്ങോട്ടുള്ള ചിത്രങ്ങളിലെല്ലാം ജോസ് പ്രകാശ് വില്ലന്‍ വേഷത്തിലായിരുന്നു. ഇതിനിടയില്‍ കൂടെവിടെ, ആയിരം കണ്ണുകള്‍ എന്നീ ചിത്രങ്ങളിലൂടെ നിര്‍മ്മാതാവായും മാറി. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ജോസ് പ്രകാശ് ഏറ്റവുമൊടുവില്‍ വേഷമിട്ടത് 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലാണ്. വളരെ ചെറിയൊരു വേഷമായിരുന്നെങ്കിലും ജോസ് പ്രകാശ് അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം ചിത്രത്തിലെ വഴിത്തിരിവായിരുന്നു. ഭാര്യ ചിന്നമ്മ നേരത്തെ മരണപ്പെട്ടു. പ്രമേഹരോഗ ബാധയെതുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. നാടകത്തിനും സിനിമക്കും നല്കിത സംഭാവനകള്‍ പരിഗണിച്ച് 2011ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചെങ്കിലും അത് ഏറ്റുവാങ്ങാന്‍ നിൽക്കാതെ
2012 മാർച്ച് 24 ന് അദ്ദേഹം അന്തരിച്ചു. ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ ജോസ് പ്രകാശിന്റെ ഓര്‍മകള്‍ ബാക്കിവയ്ക്കുന്നത് കാലം മായ്ക്കാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ്. തിരശീലയില്‍ വില്ലത്തരങ്ങള്‍ ഏറെ കാണിച്ചിട്ടുണ്ടെങ്കിലും ഇതിനു നേര് വിപരീതമായ വ്യക്തിത്വമായിരുന്നു ജീവിതത്തില്‍ ജോസ് പ്രകാശിന്റേത്.
ആലപിച്ച ഗാനങ്ങളിൽ ചിലത്
ചിന്തയിൽ നീറുന്ന…
കേള്‍ക്കുക ഹാ കേള്‍ക്കുകാ ഹാ…
ഗുണമില്ലീ റേഷന്‍ മോശമേ….
കണ്ണുനീരില്‍ കാലമെല്ലാം…
ആതിര ദിനമേ…
പാടുപെട്ടു പാടങ്ങളില്‍..