വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികള്‍ക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ചു വരുന്നു. ഓക്കാനം, ഉദരപ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്‌ക്കൊക്കെ പരിഹാരമാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി, സന്ധിവാതം, ഇന്‍ഫ്‌ലമേഷന്‍, ചില അണുബാധകള്‍ ഇവ തടയുകയും കൂടാതെ പ്രമേഹം, കാന്‍സര്‍ തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ മറ്റെന്തിനെയും പോലെ ഇഞ്ചിയുടെയും അമിതോപയോഗം പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകും.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍
സുഖമില്ലാതിരിക്കുമ്പോഴോ തണുപ്പുള്ള സമയത്തോ ഇഞ്ചിച്ചായ കുടിക്കാറില്ലേ? ഇത് അമിതമായാല്‍ നെഞ്ചെരിച്ചില്‍, വയറിനു പ്രശ്‌നം തുടങ്ങിയവ ഉണ്ടാകാം. ഇഞ്ചി, ദഹനേന്ദ്രിയവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു. ഇത് ഏറെ ഗുണകരമാണെങ്കിലും വെറുംവയറ്റില്‍ ഇത് ദോഷം ചെയ്യും. ആസിഡ് റിഫ്‌ലെക്‌സ്, അതിസാരം തുടങ്ങിയവ ഉണ്ടാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഹൈപ്പോഗ്ലൈസീമിയയ്ക്കു കാരണമാകും.
വിളര്ച്ച, വിയര്‍ക്കുക, തലവേദന, വിശപ്പ്, ഓക്കാനം, ക്രമരഹിതമായതോ വേഗത്തിലുള്ളതോ ആയ ഹൃദയമിടിപ്പ്, ക്ഷീണം, ഉത്കണ്ഠ എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങള്‍. പ്രമേഹത്തിനു മരുന്നു കഴിക്കുന്ന ആളാണെങ്കില്‍ ഇഞ്ചിയുടെ ഉപയോഗത്തെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുന്നത് നല്ലതാണ്.
അലര്‍ജി
ധാരാളംപേര്‍ക്ക് ഇഞ്ചിമൂലം അലര്‍ജി ഉണ്ടാകാറുണ്ട്. കൂടിയ അളവില്‍ ഇഞ്ചി കഴിക്കുകയോ ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നത് ചുവന്നപാടുകളും വായില്‍ അസ്വസ്ഥതയും ഉണ്ടാക്കും. ശരീരം ചുവക്കുകയോ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുകയോ ചെയ്യാം. അലര്‍ജിക്കുള്ള മരുന്ന് കഴിച്ച് ഈ അവസ്ഥ മാറ്റാന്‍ സാധിക്കും.
രക്തത്തിന് കട്ടി കുറയുക
രക്തത്തിന് കട്ടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് ഹൃദയത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. ബ്ലഡ് തിന്നിങ്ങ് മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ കൂടിയ അളവില്‍ ഇഞ്ചി ഉപയോഗിക്കാതെ ശ്രദ്ധിക്കണം. കാരണം ഇതില്‍ ബ്ലഡ് തിന്നര്‍ ആയ സാലിസിലേറ്റ് അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദം
ഇഞ്ചി രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇഞ്ചി അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. ദിവസം ഏകദേശം 4 ഗ്രാം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.