മദ്യ ലൈസൻസ് അഴിമതി, കെ കവിത അറസ്റ്റിൽ

At Malayalam
1 Min Read

ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബി ആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റിലായി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), ഐ ടി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐ ടി വകുപ്പും രണ്ടു തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ മിന്നല്‍ പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ ഇ ഡി നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021 ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Share This Article
Leave a comment