അരുണാചല്‍ പ്രദേശില്‍ നാലു പ്രതിപക്ഷ എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും രണ്ട് എം എല്‍ എമാര്‍ വീതമാണ് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിനോംഗ് എറിങ്, മുന്‍മന്ത്രി വാംഗ്‌ലിന്‍ ലോവാന്‍ഡോങ്, എന്‍ പി പി നേതാവ് മുച്ചു മിത്തി, ഗോകര്‍ ബസര്‍ എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബിയൂറാം വാഘെ എന്നിവര്‍ അംഗത്വ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് എം എല്‍ എമാര്‍ വീതം പോയതോടെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും അംഗബലം രണ്ട് എം എല്‍ എമാര്‍ വീതമായി ചുരുങ്ങി. ബിജെപി നേതാവ് പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അരുണാചല്‍ പ്രദേശില്‍ ഭരിക്കുന്നത്.