ഹരിയാനയില്‍ നാലു വയസ്സുള്ള ആണ്‍കുട്ടിയടക്കം ആറു പേരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഗുസ്തി പരിശീലകന്‍ ഗഗന്‍ ഗീത് കൗര്‍ സുഖ്‌വീന്ദറിന് വധശിക്ഷ വിധിച്ച് റോഥക് കോടതി. 1.26 ലക്ഷം രൂപ പിഴയും വിധിച്ചു. സോനെപത് ജില്ലയിലെ ബറൗദ ഗ്രാമ നിവാസികളായ സുഖ്വീന്ദര്‍, മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, മകന്‍ സര്‍താജ്, ഗുസ്തി പരിശീലകരായ സതീഷ് കുമാര്‍, പര്‍ദീപ് മാലിക്, ഗുസ്തി താരം പൂജ എന്നിവരെ 2021 ഫെബ്രുവരി 12 ന് വെടിവച്ചു കൊന്നതിനാണ് ശിക്ഷ വിധിച്ചത്.
2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. റോഥകിലെ ഒരു സ്വകാര്യ കോളജിനോടു ചേര്‍ന്നുള്ള ഗുസ്തി വേദിയിലായിരുന്നു കൊലപാകം നടന്നത്. ആറു പേരുടെ മരണം കൂടാതെ അമര്‍ജീത് എന്നയാള്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. നിരവധി പരാതികള്‍ ഗഗന്‍ ഗീത് കൗറിനെതിരെ വന്നതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അത്തരം സാഹചര്യങ്ങളില്‍ വധശിക്ഷയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വധശിക്ഷ സ്ഥിരീകരിക്കുന്നതുവരെ ശിക്ഷ നടപ്പാക്കില്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.