തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു.
ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയിലടക്കം പാർട്ടിക്കുള്ളിൽ ജില്ലയിൽ വലിയ തർക്കം നിലനിന്നിരുന്നു. പുനഃസംഘടനയിൽ പാലോട് രവിയുടെ ഏകപക്ഷീയമായ നിലപാടിൽ മറുവിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് നൽകിയെന്നും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരാണ് സിപിഎമ്മിൽ ചേർന്നത്. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചിരുന്നു.
പ്രസിഡന്റും രണ്ട് അംഗങ്ങളും രാജിവച്ചതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടപ്പെട്ടു. 19 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. സിപിഎം-7, കോൺഗ്രസ്-6, മുസ്ലീം ലീഗ്-1, ബിജെപി-1, സ്വതന്ത്രർ-4 എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് സ്വതന്ത്രൻ ഉൾപ്പെടെ നാല് സ്വതന്ത്രരെ കൂടെ നിർത്തിയാണ് കോൺഗ്രസ് ഭരണത്തിലേറിയത്. പ്രസിഡന്റും രണ്ട് മെമ്പർമാരും രാജിവച്ചതിനാൽ മൂന്നുവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.