വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോള ബിസിനസ്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ട്രെയിനുകൾക്കായി ആവശ്യം അറിയിച്ചതായാണ് വിവരം.
പൊതുമേഖലയുടെയോ സ്വകാര്യ മേഖലയുടെയോ പങ്കാളിത്തമില്ലാതെ ട്രെയിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ സ്വന്തം വർക്ക് ഷോപ്പുകളിൽ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവെ. സ്വന്തമായി ട്രെയിനുകൾ നിർമ്മിക്കാൻ നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും റെയിൽവേയിലെ എഞ്ചിനീയർമാർ കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 82 ആയി ഉയർന്നിട്ടുണ്ടെന്നും ന്യൂ ഡൽഹി – മുംബൈ, ന്യൂ ഡൽഹി – ഹൗറ റൂട്ടുകളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
82 ഓളം ട്രെയിൻ സർവീസുകളിലൂടെ രാജ്യവ്യാപകമായി ബ്രോഡ് ഗേജ് ഇലക്ട്രിക് നെറ്റ്‌വർക്കുകൾ വഴി സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ട്രെയിനുകളുടെ പ്രവർത്തന സാധ്യത, ട്രാഫിക്, ആവശ്യമായ അസംസ്കൃത ഘടകങ്ങളുടെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ചാകും വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.